കാസര്‍കോട്: കാസര്‍കോട് കളക്ടര്‍ സജിത്ത് ബാബുവിനെതിരായ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെതിരെ നടപടി എടുത്തില്ല എന്ന പരാതിയിലാണ് കാസര്‍കോട് കളക്ടര്‍ റിപ്പോർട്ട് തേടിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി ഉണ്ടാകും എന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
വോട്ടെടുപ്പ് നടന്ന ഡിസംബർ പതിനാലിന് ആലക്കോട് ചെർക്കളപ്പാറ ജിഎൽപി സ്കൂളിൽ വ്യാപക കള്ളവോട്ട് നടന്നെന്ന് പ്രിസൈംഡിംഗ് ഓഫീസറായ കെ.എം ശ്രീകുമാറാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. കള്ളവോട്ട് തടയാനായി വോട്ടർമാരുടെ ഐഡി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ കാൽവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബൂത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
സിപിഎമ്മിന്‍റെ കയ്യാളായാണ് കളക്ടർ ഡി.സജിത് ബാബു പ്രവർത്തിക്കുന്നതെന്നാരോപിച്ച് ജില്ലയിലെ യുഡിഎഫ് നേതൃത്വമാണ് തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് കളക്ടറെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്. സിപിഎം അനൂകൂല സംഘടനയുടെ പ്രവർത്തകനായ പ്രിസൈംഡിഗ് ഓഫീസറുടെ പരാതി പൂർണമായും തള്ളി എംഎൽഎക്ക് പിന്തുണയുമായി മുഖ്യമന്ത്രി തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.