നാട്ടിലേക്കുള്ള യാത്രയ്ക്ക് പുതിയ നിബന്ധനകള്‍; ചെലവ് താങ്ങാനാവാതെ യാത്ര ഉപേക്ഷിച്ച്‌ പ്രവാസികള്‍

0
371

ദുബൈ: ഇന്ത്യയിലേക്കു പോകുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ സമയപരിധിയിലുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നതോടെ നിരവധി പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി. നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കൊവിഡ് പരിശോധനയ്ക്ക് മാത്രം നല്‍കേണ്ടിവരുന്നത്.

150 ദിര്‍ഹമാണ് യുഎഇയില്‍ ഒരാള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ശരാശരി 600 ദിര്‍ഹം (പന്ത്രണ്ടായിരം രൂപയോളം) ആണ് ചെലവ്. നാട്ടിലെത്തിയാല്‍ വിമാനതാവളത്തിലും സ്വന്തം ചെലവില്‍ പിസിആര്‍ പരിശോധന നടത്തണം. ഒരാള്‍ക്ക് 1500 രൂപ വച്ച്‌ ആറായിരം രൂപ ചെലവാകും.

മരണം പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവരെ പരിശോധനാ ഫലം ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും എയര്‍സുവിധ ആപ്പില്‍ വിവരം അപ് ലോഡ് ചെയ്യണം. അതിനു ശേഷം അനുമതി ലഭിച്ചെങ്കില്‍ മാത്രമേ യാത്ര ചെയ്യാനാകൂ. ഇങ്ങനെ അനിശ്ചിതത്വവും പണച്ചെലവും കാരണം യാത്ര ഒഴിവാക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് സാധാരണക്കാരായ പ്രവാസികള്‍

രണ്ടു തവണ വാക്സിനേഷന്‍ എടുത്ത് ഡോസ് പൂര്‍ത്തിയാക്കി നാട്ടിലെത്തുന്നവരെ ക്വാറന്റീന്‍ നിന്ന് ഒഴിവാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. യാത്രക്കാര്‍ ഇറങ്ങുന്ന വിമാനത്താവളങ്ങളിലും പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വ്യവസ്ഥയില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങള്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം.

കൊവിഡ് ചട്ടങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളാണ് സ്വീകരിക്കേണ്ടതെങ്കിലും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞദിവസം നോര്‍ക്ക അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here