പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ഭര്‍ത്താവ്; വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു-വീഡിയോ

0

മുംബൈ: പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദേശം.

ഫെബ്രുവരി 11ന് ഭര്‍ത്താവിനോട് വഴക്കിട്ട് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് നാലുദിവസത്തിന് ശേഷം ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. ബസ് കാത്തിരുപ്പു കേന്ദ്രത്തില്‍ വച്ച് തന്നെ രണ്ട് പേര്‍ തട്ടിക്കൊണ്ടു പോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്ത്രീ പറഞ്ഞു.

എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കാതിരുന്ന ഭര്‍ത്താവ് ഭാര്യയോട് പാതിവ്രത്യം തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പര്‍ഥി സമുദായത്തിന്റെ വിശ്വാസപ്രകാരം നുണ പറയുകയാണെങ്കില്‍ തിളച്ച എണ്ണയില്‍ കയ്യിട്ടാല്‍ കൈപൊള്ളുകയും ചട്ടിയില്‍നിന്ന് തീ ഉയരുകയും ചെയ്യുമെന്നാണ് വിശ്വാസം.

ഇത് പ്രകാരം തിളച്ച എണ്ണയില്‍നിന്ന് അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു നിര്‍ദേശം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ പകര്‍ത്തുകയും ചെയ്തു. ‘എന്റെ ഭാര്യയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി ബന്ദിയാക്കിയിരുന്നെന്നാണ് പറയുന്നത്. അവര്‍ അവളെ ഒന്നും ചെയ്തില്ലെന്നും പറയുന്നു. എന്റെ ഭാര്യ സത്യമാണോ പറയുന്നതെന്ന് അറിയണം. അതിനുവേണ്ടിയാണ് ഇത് ചെയ്യുന്നത്’ -ഭര്‍ത്താവ് വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതും വിഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഇയാളുടെ പ്രവര്‍ത്തിക്ക് എതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സല്‍ ചെയര്‍മാന്‍ നീലം ഗാര്‍ഹെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here