കൊവിഡിന്റെ പേരിൽ കർണാടക സർക്കാർ അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം: മുസ്ലിം യൂത്ത് ലീഗ്

0
182
ഉപ്പള: കേരളത്തിൽ കൊവിഡ് വ്യാപനമുണ്ടെന്ന കാരണം പറഞ്ഞ് കർണാടക സർക്കാർ തലപ്പാടി ഉൾപ്പെടുള്ള അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണവും കർണാടകയിലേക്ക് കടക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവും ഉടൻ പിൻവലിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
രോഗികളോടും വിദ്യാർഥികളോടുമുള്ള ക്രൂരത കർണാടക സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകും. കർണാടകയുടെ ധിക്കാരപരമായ നടപടിയെ തുടർന്ന് കഴിഞ്ഞ ദിവസം പരീക്ഷ പോലും എഴുതാനാകാതെ മലയാളികളടക്കമുള്ള നൂറിലേറെ വിദ്യാർഥികളാണ് വലഞ്ഞത്. ആശുപത്രി, വ്യാപര ആവശ്യങ്ങൾക്കും തൊഴിൽ തേടിയും ദിവസേന മംഗളൂരു അടക്കമുള്ള നഗരങ്ങളെ ആശ്രയിക്കുന്നവരാണ് ദുരിതം പേറുന്നവരിലേറെയും. കേന്ദ്ര സർക്കാരിൻ്റെ അൺലോക്ക് ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള കർണാടകയുടെ ഇത്തരം അനീതിക്കെതിരെ സംസ്ഥാന സർക്കാർ നിയമപോരാട്ടം നടത്തണമെന്നും, നിയമം പൂർണമായും പിൻവലിച്ച് എല്ലാ അതിർത്തികളിലും ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിപ്പിക്കുന്നതിന് കേരളത്തിൻ്റെ ഇടപെടൽ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും യൂത്ത് ലീഗ് നിവേദനം നൽകി.
യു.ഡി.എഫിൻ്റെ സമരത്തെ തുടർന്നാണ് രണ്ട് ദിവസം കൂടി തലപ്പാടിയിൽ ഇളവ് ലഭിച്ചത്. സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അനീതിക്ക് കർണാടകം മുതിരില്ലായിരുന്നുവെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും വീഴ്ച്ചയാണ് തലപ്പാടിയിൽ കണ്ടതെന്നും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് എ. മുക്താറും, ജന: സെക്രട്ടറി ബി.എം മുസ്തഫയും ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here