ചരിത്രനേട്ടത്തിനരികെ ഇഷാന്ത്; ഈ നേട്ടം കൈവരിക്കുന്ന അവസാന ഇന്ത്യന്‍ പേസറാവുമോ ?

0
194

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇഷാന്ത് ശര്‍മക്ക് സ്വന്തമാവുക ചരിത്രനേട്ടം. ബൗളിംഗ് ഇതിഹാസം കപില്‍ ദേവിനുശേഷം ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന ആദ്യ പേസറെന്ന നേട്ടമാണ് മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇഷാന്ത് സ്വന്തമാക്കുക. മറ്റന്നാള്‍ അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. പകല്‍-രാത്രി മത്സരമാണെന്ന പ്രത്യേകതയും ടെസ്റ്റിനുണ്ട്.

1978 മുതല്‍ 1994 വരെ ഇന്ത്യക്കായി പന്തെറിഞ്ഞ കപില്‍ ദേവ് ഇന്ത്യക്കായി 131 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്.  2007 മെയില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു 32കാരനായ ഇഷാന്ത് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. ഇതുവരെ 99 ടെസ്റ്റുകളില്‍ പന്തെറിഞ്ഞ ഇഷാന്ത് 302 വിക്കറ്റുകള്‍ സ്വന്തമാക്കി. സമകാലീന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണും(158) സ്റ്റുവര്‍ട്ട് ബ്രോഡും(145), മാത്രമാണ് 100 ടെസ്റ്റ് കളിച്ച പേസര്‍മാരായി ഇഷാന്തിന് മുന്നിലുള്ളവര്‍. ഏകദിനത്തിലും ടി20യിലും ഇന്ത്യക്കായി കളിക്കാത്ത ഇഷാന്ത് ടെസ്റ്റില്‍ മാത്രമാണ് നിലവില്‍ ഇന്ത്യക്കായി പന്തെറിയുന്നത്.

ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന അവസാന പേസറാകുമോ ഇഷാന്ത്

ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന അവസാന പേസറാകും ഇഷാന്തെന്നാണ് അദ്ദേഹത്തിന്‍റെ പരിശീലകന്‍ കൂടിയായ വിജയ് ദാഹിയ പറയുന്നത്. കൂടുതല്‍ പേസര്‍മാരും ഐപിഎല്ലും പരിമിത ഓവര്‍ ക്രിക്കറ്റും തെരഞ്ഞെടുക്കുമ്പോള്‍ ഇഷാന്തിന്‍റെ നേട്ടം ഇനിയൊരു ഇന്ത്യന്‍ പേസര്‍ ആവര്‍ത്തിക്കുമോ എന്ന് സംശയമാണെന്നും ദാഹിയ വ്യക്തമാക്കുന്നു.

ദാഹിയയുടെ അഭിപ്രായം പരിശോധിച്ചാല്‍ അതില്‍ വസ്തുതയുണ്ടെന്ന് വ്യക്തമാവും. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇഷാന്തിനൊപ്പമുള്ള 30കാരനായ ഷമി ഇതുവരെ 50 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഷമിക്ക് 100 ടെസ്റ്റെന്ന നാഴികക്കല്ല് പിന്നിടാനാവുമോ എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്.  ആ നേട്ടത്തിലെത്തണമെങ്കില്‍ ഷമി വൈകാതെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങേണ്ടിവരും. പരിക്കും ഷമിയുടെ കരിയറില്‍ എല്ലായ്പ്പോഴും വില്ലനാണ്.

മറ്റൊരു പേസറായ 27കാരനായ ജസ്പ്രീത് ബുമ്രയാകട്ടെ 18 ടെസ്റ്റുകളിലാണ് ഇതുവരെ ഇന്ത്യക്കായി കളിച്ചത്. തിരക്കേറിയ ക്രിക്കറ്റ് കലണ്ടര്‍ പഗിണിച്ചാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വജ്രായുധമായ ബുമ്രയും 100 ടെസ്റ്റെന്ന നാഴികക്കല്ല് പിന്നിടുമോ എന്ന കാര്യം സംശയമാണ്. ജോലിഭാരം കണക്കിലെടുത്ത് ഇന്ത്യന്‍ പിച്ചുകളില്‍ ബുമ്രക്ക് വിശ്രമം നല്‍കാനാവും ടീം മാനേജ്മെന്‍റ് ശ്രമിക്കുക. ഇഷാന്തിനൊപ്പം ടീമിലുള്ള 33കാരനായ ഉമേഷ് യാദവാകട്ടെ 48 ടെസ്റ്റുകളിലെ ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടുള്ളു.

ഇഷാന്തിന്‍റെ കരിയര്‍ മാറ്റി മറിച്ച കൗണ്ടി കാലം

ഇഷാന്തിന്‍റെ കരിയറിനെ രണ്ട് ഘട്ടമായി തിരിക്കുകയാണെങ്കില്‍ 2018വരെയുള്ള കാലഘട്ടമെന്നും അതിനുശേഷമുള്ള കാലമെന്നും വിഭജിക്കേണ്ടിവരും. വിവിധ ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള ഇഷാന്തിനെ ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ പ്രധാനമായു ഡിഫന്‍സീവ് ബൗളറായാണ് വിനിയോഗിച്ചിട്ടുള്ളത്. എന്നാല്‍ കോലിക്ക് കീഴില്‍ ഇഷാന്ത് അറ്റാക്കിംഗ് ബൗളറായി മാറി. ഇതിന് കാരണമായതാകട്ടെ 2018ല്‍ സസെക്സിനുവേണ്ടി കൗണ്ടി ക്രിക്കറ്റ് കളിച്ചതായിരുന്നു.

മുന്‍ ഓസീസ് പേസര്‍ ജേസണ്‍ ഗില്ലെസ്പിക്കു കീഴില്‍ തന്‍റെ കഴിവുകള്‍ തേച്ചുമിനുക്കിയാണ് ഇഷാന്ത് പീന്നീട് പന്തെറിഞ്ഞത്. കൗണ്ടി കാലത്തിന് മുമ്പുള്ള കരിയറിലെ ആദ്യ 76 ടെസ്റ്റില്‍ 226 വിക്കറ്റാണ് ഇഷാന്ത് നേടിയതെങ്കില്‍ അതിനുശേഷം കളിച്ച 20 ടെസ്റ്റുകളില്‍ നിന്ന് 76 വിക്കറ്റ് സ്വന്തമാക്കാന്‍ ഇഷാന്തിനായി. അതും 20ല്‍ താഴെ പ്രഹരശേഷിയില്‍. ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുൊപ്പം മികച്ച പേസ് കൂട്ടുകെട്ടുണ്ടാക്കാനും അവരെ നയിക്കാനും ഇഷാന്തിന് കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here