ദേശവിരുദ്ധ പ്രസംഗമെന്നാരോപണം: പോപ്പുലർ ഫ്രണ്ട് നേതാവിനെതിരേ കേസെടുക്കാൻ നിർദേശം

0
287

മംഗളൂരു: ദേശവിരുദ്ധവും മതവിദ്വേഷമുണർത്തുന്നതുമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവിനെതിരേ കേസെടുക്കാൻ പോലീസിനോട് കർണാടക ആഭ്യന്തരമന്ത്രിയുടെ നിർദേശം. ഫെബ്രുവരി 17-ന് പോപ്പുലർ ഫ്രണ്ട് യൂണിറ്റി ദിനത്തിൽ മംഗളൂരു ഉള്ളാളിൽ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ ദേശവിരുദ്ധവും വിദ്വേഷമുണർത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം. രാജ്യത്തിനും ഭരണഘടനയ്ക്കും പരമോന്നത നീതിപീഠത്തിനുമെതിരായാണ് അനീസ് അഹമ്മദ് സംസാരിച്ചതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന വിദ്വേഷപ്രസംഗമാണ് നടത്തിയതെന്നും സുപ്രീം കോടതി നിർമാണാനുമതി നൽകിയ രാമക്ഷേത്രം ആർ.എസ്.എസ്. മന്ദിരമാണെന്നും അദ്ദേഹം പ്രസംഗിച്ചതായി ബൊമ്മൈ ചൂണ്ടിക്കാട്ടി. അതേസമയം, ഉള്ളാളിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ യൂണിറ്റി മാർച്ചുമായി ബന്ധപ്പെട്ട് 14 പേർക്കെതിരേ രണ്ട് കേസുകൾ ഉള്ളാൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 143, 147, 188, 283, 153 എ, 505 ഒന്ന് ബി, 149 എന്നീ വകുപ്പുകൾ ചുമത്തി നേതാക്കളായ അബ്ദുൽ ഖാദർ, ഷാഹിദ് ദർലകെട്ട, മുനീബ് ബങ്കരെ, ഖലീൽ കടപ്പുര, ഇംതിയാസ് കൊട്ടേപ്പുര, റമീസ് കോടി, യൂണിറ്റി മാർച്ച് കമാൻഡർ സഫ്വാൻ എന്നിവരടക്കം 14 പേർക്കെതിരേയാണ് കേസ്. അനുമതിയില്ലാതെ മാർച്ച് സംഘടിപ്പിക്കുക, മതവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുക, ബാബറി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ അപലപിക്കുക, പോലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സംനിൽക്കുക എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തത്. മാർച്ച് തടയാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ മാർച്ചുമായി മുന്നോട്ടുപോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here