സിപിഐ നേതൃത്വവുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ യുവനേതാവ് കനയ്യ കുമാർ ജെഡിയു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായാണ് കനയ്യകുമാർ ചർച്ച നടത്തിയത്. ചൗധരിയുടെ പട്‌നയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച
ഇതോടെ കനയ്യ ജെഡിയുവിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിനെ സിപിഐ ദേശീയ കൗൺസിലിൽ കഴിഞ്ഞ വാരം താക്കീത് ചെയ്തിരുന്നു.
ഡിസംബറിൽ പാട്നയിലെ പാർട്ടി ഓഫിസിൽ കനയ്യയുടെ അനുയായികൾ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തിലായിരുന്നു താക്കിത്.
ബഗുസരായി ജില്ലാ കൗൺസിൽ യോഗം മാറ്റിവച്ചകാര്യം കനയ്യയെ അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇന്ദു ഭൂഷനെ പ്രാദേശിക നേതാക്കൾ മർദ്ദിച്ചത്. ഇന്ദു ഭൂഷനെ മർദ്ദിച്ച സംഭവത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് കനയ്യ വ്യക്തമാക്കി.