‘എന്നെ ശല്യപ്പെടുത്തരുത്’; ആരെയും ഞെട്ടിക്കുന്ന വിചിത്രമായ ആത്മഹത്യാരീതി, അമ്പരന്ന് പോലീസും

0
220

കൊച്ചി: മരടിൽ പ്ലസ്ടു വിദ്യാർഥിനിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു സംശയങ്ങളൊന്നും നിലവിലില്ല. വളരെ വിചിത്രമായ ആത്മഹത്യാരീതിയാണ് പെൺകുട്ടി സ്വീകരിച്ചിരിക്കുന്നത്. അതിനാൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും മരട് പോലീസ് ഇൻസ്പെക്ടർ റെനീഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മരട് മുസ്ലീം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെയും ജെസിയുടെയും മകൾ നെഹിസ്യ(17)യെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴിന് എഴുന്നേൽക്കാറുള്ള കുട്ടി ഒൻപത് മണിയായിട്ടും എഴുന്നേൽക്കാതിരുന്നതിനാൽ കുട്ടിയുടെ അച്ഛനും സഹോദരിയും ചേർന്ന് അയൽക്കാരനെ വിളിച്ചുകൊണ്ടുവന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്. വായിലും മൂക്കിലും ചെവിയിലും പഞ്ഞി നിറച്ച ശേഷം മുഖത്ത് മുഴുവൻ സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവർ തല വഴി മൂടി മുഖം മറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ഫൊറൻസിക് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

സംഭവസമയത്ത് നെഹിസ്യയുടെ അച്ഛനും മൂത്ത സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടുകാരെ ഉൾപ്പെടെ ക്ഷണിച്ചു വരുത്തി നെഹിസ്യയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച് നെഹിസ്യയുടെ മരണവാർത്തയും പുറത്തുവന്നത്.

സംഭവം കൊലപാതകമാണോ എന്ന സംശയമുണർന്നെങ്കിലും വീട്ടിൽ നടത്തിയ പരിശോധനയിൽ അതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല, പെൺകുട്ടിയുടെ ഡയറിയിൽനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ‘ഞാൻ പോകുന്നു, എന്നെ ശല്യപ്പെടുത്തരുത്’ എന്നാണ് ഡയറിയിൽ എഴുതിയിരുന്നത്. ഡയറി വിശദമായി പരിശോധിച്ചപ്പോൾ പെൺകുട്ടി മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി മനസിലായെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വീട്ടിൽ വഴക്ക് പറഞ്ഞിരുന്നു. ഇതാകാം മാനസിക സമ്മർദ്ദത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.

പഠിക്കാൻ മിടുക്കിയായ പെൺകുട്ടി ഇന്റർനെറ്റിലും മറ്റും തിരഞ്ഞാണ് ഇത്തരമൊരു ആത്മഹത്യാരീതി അവലംബിച്ചതെന്നാണ് നിഗമനം. ഇത്തരം വിചിത്രമായ രീതിയിൽ ജീവനൊടുക്കിയ സംഭവങ്ങൾ അപൂർവമായി നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മരിക്കാൻ ഭയമുള്ളതിനാലാകാം പതിയെ മരണം സംഭവിക്കുന്ന രീതി പെൺകുട്ടി തിരഞ്ഞെടുത്തതെന്നും പോലീസ് ഉദ്യോഗസ്ഥർ കരുതുന്നു.

ശ്വാസം മുട്ടിയാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത വരൂ. അതേസമയം, കുട്ടിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബർ സെല്ലിന്റെ വിശദമായ പരിശോധനയിൽ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളും ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here