സ്വര്‍ണ്ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അഞ്ചുപേരെ കൂടി മഞ്ചേശ്വരം പൊലീസ് പിടികൂടി

0
149

മഞ്ചേശ്വരം: കര്‍ണാടക സ്വദേശികളായ സ്വര്‍ണ്ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അഞ്ചുപേരെ കൂടി മഞ്ചേശ്വരം പൊലീസ് പിടികൂടി.

ബണ്ട്വാള്‍ പിണ്ടിക്കൈ ഹൗസ് അരിങ്കനയിലെ അബ്ദുല്‍ അസീസ് (27), ബണ്ട്വാള്‍ അരിങ്കന മോണ്ടുഗോളി ഹൗസിലെ റഊഫ് (26), മോണ്ടുഗോളി കൈരങ്കള ഗൗസിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ഇക്ബാല്‍ (27), റിസ്‌വാന്‍ (27), രഞ്ജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. തലപ്പാടി കെ.സി റോഡിലെ അബ്ദുല്‍റഹ്‌മാന്‍, ബണ്ട്വാളിലെ നാസര്‍ എന്നിവരെ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ഏഴുപ്രതികള്‍ അറസ്റ്റിലായി.

ഒന്നും രണ്ടും പ്രതികളായ തലപ്പാടി കെ.സി റോഡ് കൊമ്മങ്കളയിലെ സഹോദരങ്ങള്‍ പണവുമായി കര്‍ണാടക സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഡിസംബര്‍ പത്തിന് കാസര്‍കോട്ടെ ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ വരികയായിരുന്ന മഹേഷ്, അവിനാഷ് എന്നിവരെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് റോഡില്‍ വെച്ച് രണ്ടുകാറുകളിലായി എത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോവുകയും കാര്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.

മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി ഷൈന്‍, എസ്.ഐ രാഘവന്‍, അഡീ. എസ്.ഐ ബാലേന്ദ്രന്‍, സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിന്‍ തമ്പി, സതീഷ്, പ്രവീണ്‍, ഡ്രൈവര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here