3 വർഷം പ്രായമായ പാർട്ടിയെ തോൽപിക്കണം; ബിജെപിക്കൊപ്പം കോൺഗ്രസ്

0
134

ജയ്പൂർ ∙ മൂന്നു വർഷം മാത്രം പ്രായമുള്ള ഒരു പ്രാദേശിക പാർട്ടിയെ തോൽപ്പിക്കാൻ ബിജെപിയും കോൺഗ്രസും കൈ കോർക്കുക; നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേട്ടാൽ അവിശ്വസനീയമെന്നു തോന്നാവുന്ന ഈ കൂടിച്ചേരലാണു രാജസ്ഥാനിൽ നടന്നിരിക്കുന്നത്. ഡൂംഗർപൂർ ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പിലാണു രാജസ്ഥാനിലെയും ഗുജറാത്തിലെയും രാഷ്ട്രീയ സമവാക്യങ്ങളിൽ ദൂരവ്യാപക മാറ്റങ്ങൾ സൃഷ്ടിക്കാവുന്ന ഈ കൂടിച്ചേരൽ നടന്നത്.

ഇരു പാർട്ടികളും ഒന്നുചേർന്ന് എതിർക്കുന്നതാകട്ടെ 2017ൽ മാത്രം ജന്മമെടുത്ത ബിടിപി എന്നറിയപ്പെടുന്ന ഭാരതീയ ട്രൈബൽ പാർട്ടിയെ.  ഡൂംഗർപൂർ ജില്ലാ പരിഷത്തിലെ 27ൽ 13 സീറ്റുകള്‍ നേടിയ ബിടിപി ആറു സീറ്റുകൾ നേടിയ കോൺഗ്രസ് തങ്ങളെ പിന്തുണയ്ക്കുമെന്നു കരുതിയതു സ്വാഭാവികം. എന്നാൽ ജില്ലാ പ്രധാൻ തിരഞ്ഞെടുപ്പിൽ ബിടിപിയുടെ പാർവതി ഡോഡയ്ക്കെതിരെ മൽസരിച്ച ബിജെപിയുടെ സൂര്യ അഹാരയ്ക്കാണ് കോൺഗ്രസ് വോട്ടു ചെയ്തത്. ബിജെപി എട്ടു സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസിന്റെ ഈ ചതിയിൽ ഞെട്ടിയിരിക്കുകയാണു ബിടിപി. സംസ്ഥാനത്തു കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ഇവർ മേലിൽ കോൺഗ്രസുമായി ബന്ധത്തിനില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്തിൽനിന്നു രാജ്യസഭയിലേക്ക് 2017ൽ അഹമ്മദ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും നിർണായകമായത് ബിടിപിയുടെ രണ്ട് എംഎൽഎമാരുടെ വോട്ടായിരുന്നു. കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറി രാജിവച്ചപ്പോൾ സഹായിച്ച ബിടിപി രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് സൃഷ്ടിച്ച ആഭ്യന്തര കലാപത്തിന്റെ സമയത്തു അശോക് ഗെലോട്ടിനൊപ്പം ഉറച്ചു നിൽക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. സംസ്ഥാനത്തു പാർട്ടിക്ക് അധികാരം നഷ്ടപ്പെടാതെ നിലനിർത്തുന്നതിൽ ബിടിപിയുടെ ഈ പിന്തുണ ഉണ്ടായിരുന്നു എന്നതുകൂടി കൂട്ടി വായിക്കുമ്പോഴാണ് ഡൂംഗർപൂരിലെ ജില്ലാ പ്രധാൻ തിരഞ്ഞെടുപ്പിലെ ഈ ചുവടുമാറ്റത്തിന്റെ പ്രാധാന്യം മനസിലാകുക.

ഗുജറാത്തിൽ ജനതാദൾ യുണൈറ്റഡ് എംഎൽഎ ആയിരുന്ന ഛോട്ടുഭായ് വസാവ പാർട്ടി വിട്ട് 2017ലാണു ഭാരതീയ ട്രൈബൽ പാർട്ടിക്കു രൂപം നൽകുന്നത്. ഗുജറാത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിലും രാജസ്ഥാന്റെ തെക്കു കിഴക്കൻ ഭാഗങ്ങളിലേയും ആദിവാസികൾ, പ്രത്യേകിച്ചു ഭീൽ സമുദായത്തിൽപ്പെട്ടവരാണു പാർട്ടിയുടെ പ്രബലമായ അടിത്തറ. ആ വർഷം നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മൽസരിച്ച പാർട്ടി രണ്ടു സീറ്റുകൾ നേടിയപ്പോൾ 2018ൽ രാജസ്ഥാനിൽ ഒറ്റയ്ക്കു മൽസരിച്ച് രണ്ടു സീറ്റുകൾ നേടി ശക്തി തെളിയിച്ചു. ഡൂംഗർപൂരിലെ അസ്പൂർ സീറ്റിൽ പാർട്ടി സ്ഥാനാർഥി രണ്ടാമത് എത്തി. 5330 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു ബിജെപി സ്ഥാനാർഥിയുടെ വിജയം.

ബിജെപിയും കോൺഗ്രസും മാറിമാറി വിജയിച്ചിരുന്ന സീറ്റുകളാണ് ഇവയൊക്കെയും. ബിടിപി ഉയർത്തുന്ന ഭീഷണി ഇരു പാർട്ടികളേയും ഒരേപോലെ ബാധിക്കുന്നു എന്നത് ഇതിൽനിന്നു വ്യക്തം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ട്രൈബൽ വിഭാഗങ്ങളുടെ സംവരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ബിടിപി സ്വീകരിച്ച നിലപാട് പാർട്ടിയെ അവരെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത കൂട്ടി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെറുപ്പക്കാർ സമുദായത്തിലെ മുതിർന്നവരെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നുമുണ്ട്. ഡൂംഗർപൂരിനു പുറമേ ബൻസ്‍വാഡ, പ്രതാപ്ഗഡ്, ഉദയ്പൂർ ജില്ലകളിലും ബിടിപിക്കു ശക്തമായ അടിത്തറയുണ്ട്.

കോണ്‍ഗ്രസും ബിജെപിയും അധികാരത്തിലിരിക്കെ ആദിവാസി വിഭാഗങ്ങളോടു കടുത്ത അവഗണനയാണ് ഉണ്ടായതെന്നു പറയുന്ന പാർട്ടി 17 ഇന അജൻഡ നിശ്ചയിച്ചാണു പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ കുടിവെള്ളം, വനാവകാശം തുടങ്ങി സർക്കാർ ജോലി വരെയുള്ള കാര്യങ്ങളുണ്ട്. രാജസ്ഥാന്റെ തെക്കൻ ജില്ലകളിൽ ജാതിയുടെ പേരിൽ വേർതിരിവുകളാണു പാർട്ടിക്കു വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കിയത്. ബിടിപിക്കു നിയമസഭയിൽ പ്രതിനിധിയാകും വരെ ഭീലുകൾ‍ക്കു ക‍ൃഷിക്കാവശ്യമായ വെള്ളം പോലും മറ്റു ജാതിക്കാർ വിട്ടു നൽകിയിരുന്നില്ല. ഹിന്ദുത്വത്തിന്റെ പേരിൽ വോട്ടുപിടിക്കുന്ന ബിജെപിയും തങ്ങളെ അവഗണിക്കുകയാണെന്നും പിന്നാക്ക വിഭാഗക്കാർക്ക് ആക്ഷേപമുണ്ട്. ഇതെല്ലാം നാൾക്കുനാൾ ബിടിപിയെ ശക്തിപ്പെടുത്തുന്നുമുണ്ട്. ബിജെപിയും കോൺഗ്രസും ഭയപ്പെടുന്നതും ഈ വളർച്ചയാണ്.

പ്രതിസന്ധികളിൽ ഒപ്പം നിന്ന പാർട്ടിയെന്ന നിലയിൽ ജില്ലാ പ്രമുഖ് സ്ഥാനത്തേക്ക് വേണ്ട ഒരംഗത്തിന്റെ കാര്യത്തിൽ കോൺഗ്രസ് പിന്തുണ പ്രതീക്ഷിച്ചെങ്കിലും രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിക്കുന്ന സംഭവമാണ് അരങ്ങേറിയത്. കോൺഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന നേതൃത്വം ഇതിന്റെ പഴി പ്രാദേശിക നേതൃത്തിന്റെ തലയിൽ ചാരുകയാണ്. എന്നാൽ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർത്തന്നെ പരസ്യമായി ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത ഇല്ലാതാക്കിയ നടപടിയാണെന്ന് ഒരു വിഭാഗം പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് കേന്ദ്ര നേതൃത്വവും പാർട്ടി സംസ്ഥാന ഘടകത്തോടു വിശദീകരണം തേടിയിരുന്നു.

മറുവശത്ത് ഈ വിശ്വാസവഞ്ചന മറയ്ക്കാൻ തയാറല്ലെന്ന നിലപാടാണു ബിടിപിക്ക്. കോൺഗ്രസിന് ഇത് എത്രമാത്രം ദോഷം ചെയ്യുമെന്നതു വരും നാളുകൾ ഉത്തരം നൽകും.  പ്രത്യേകിച്ചും ഗെലോട്ട് സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന പ്രഖ്യാപനവുമായി ബിജെപി സർക്കാരിനെ മറിച്ചിടാനുള്ള പദ്ധതിക്ക്് അവധി നൽകാതിരിക്കുന്ന സാഹചര്യത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here