അയോദ്ധ്യയിലെ പള്ളി നിർമാണം; റിപബ്ലിക്ക് ദിനത്തിൽ ദേശീയ പതാക ഉയർത്തി തുടക്കം, വൃക്ഷ തൈകൾ നടും

0
404

ലക്‌നൗ: അയോദ്ധ്യയിലെ പള്ളി നിർമാണം ജനുവരി 26 ന് ഔദ്യോഗികമായി ആരംഭിക്കും. രാമജന്മഭൂമി കോപ്ലക്സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി സ്ഥാപിക്കുന്നത്. 2019 നവംബറിലെ സുപ്രീം കോടതി നിർദേശ പ്രകാരം സുന്നി വഖഫ് ബോർഡിനു കൈമാറിയ അഞ്ച് ഏക്കർ ഭൂമിയിലാണ് നിർമാണം.

പള്ളി നിർമാണത്തിന് തുടക്കം കുറിക്കുന്നതിനായി ജനുവരി 26 ന് ചടങ്ങ് നടത്താൻ ആലോചിക്കുന്നതായി ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ട്രസ്റ്റ് അറിയിച്ചു. വൃക്ഷ തൈകൾ നട്ടും, ദേശീയ പതാക ഉയർത്തിയുമാണ് പള്ളി നിർമാണത്തിന് തുടക്കം കുറിക്കുക. ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന്റെ (ഐ.ഐ.സി.എഫ്) യോഗത്തിലാണ് റിപബ്ലിക്ക് ദിനത്തിൽ പള്ളി നിർമാണം ഔദ്യോഗികമായി ആരംഭിക്കാമെന്ന് തീരുമാനിച്ചത്.

ജനുവരി 26 ന് രാവിലെ 8.30 ന് പള്ളി നിർമിക്കുന്ന അഞ്ച് ഏക്കർ സ്ഥലത്ത് ദേശീയ പതാക ഉയർത്തുമെന്ന് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ വക്താവ് പറഞ്ഞു. തുടർന്ന് ഐഐസിഎഫിന്റെ ചീഫ് ട്രസ്റ്റിയും അംഗങ്ങളും വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും.

അയോദ്ധ്യയിലെ ധന്നിപൂർ ഗ്രാമത്തിൽ 15,000 ചതുരശ്രയടി വിസ്തീർണമുള്ള പള്ളി നിർമിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.ബാബറി മസ്ജിദിന്റെ അതേ വലുപ്പത്തിലായിരിക്കും ഇത്. പള്ളിയുടെ ആകൃതി മറ്റ് പള്ളികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

ധന്നിപൂർ പള്ളി നിർമാണത്തിനായിട്ടാണ് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ഐ ഐ സി എഫ് എന്ന ട്രസ്റ്റ് രൂപീകരിച്ചത്. മുഖ്യ ആർക്കിടെക്റ്റ് ആയ പ്രഫ. എസ്എം അഖ്തറിന്റെ ഡിസൈൻ അനുസരിച്ച് നിർമിക്കാൻ പോകുന്ന പള്ളി സമുച്ചയത്തിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി എന്നിവയൊക്കെയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here