കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വൻ ജനപ്രീതിയെന്ന് സർവേ ഫലം, മോദിക്ക് ജനപിന്തുണ കുറവ്; രാഹുൽ ഗാന്ധിയോടൊപ്പം അധികം ജനമില്ല, ബിജെപി മുഖ്യമന്ത്രിമാരും മോശം നിലയിൽ

0
246

ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വൻ ജനപ്രീതിയെന്ന് ഐഎഎൻഎസ്- സി വോട്ടർ സ്റ്റേറ്റ് ഒഫ് ദ നേഷൻ 2021 സർവേ ഫലം. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലും വൈഎസ് ജഗൻമോഹൻ റെഡ്ഢി ഭരിക്കുന്ന ആന്ധ്രാ പ്രദേശിലും ജനങ്ങൾ 60 ശതമാനത്തോളം തൃപ്തരാണെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ സംസ്ഥാനങ്ങളിൽ ഭരണാനുകൂല വികാരമാണ് നിലനിൽക്കുന്നതെന്നും സർവേയിൽ പറയുന്നുണ്ട്.

അതേസമയം സർവേയിലെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ റാങ്ക് തീരെ താഴെയാണ്. ഉത്തരാഖണ്ഡ് ഭരിക്കുന്ന ബിജെപി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനാണ് സർവേയിൽ ഏറ്റവും മോശം റാങ്ക് ലഭിച്ചത്. 0.41 ശതമാനം മാത്രമാണ് അദ്ദേഹത്തിനുള്ള ജനപ്രീതി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനും മോശം സ്‌കോറാണ് ലഭിച്ചത്. 4.9 ശതമാനം.

മനോഹർലാൽ ഖട്ടർ ഭരിക്കുന്ന ഹരിയാനയിലെ സ്ഥിതിയും വ്യത്യസ്തമല്ല. സർവേയിൽ 8.2 ശതമാനം സ്‌കോർ ആണ് ഖട്ടറിന്‌ ലഭിച്ചത്. അതേസമയം ഉത്തർപ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥിന് 35 ശതമാനം ജനപ്രീതി മാത്രമേ സംസ്ഥാനത്തുള്ളൂ. കർണാടക, ബിഹാർ, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നേടിയ സ്കോർ ദേശീയ ശരാശരിയേക്കാൾ താഴെയാണ്. എന്നാൽ മദ്ധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് 55 ശതമാനം സ്‌കോർ ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് സർവേയിൽ ഉയർന്ന സ്കോറാണ് ലഭിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഉയർന്ന സ്‌കോറാണ് ലഭിച്ചത്. കൗതുകരമായ വസ്തുത എന്തെന്നാൽ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മോശം സ്‌കോർ ലഭിച്ചപ്പോൾ ഇവിടങ്ങളിലെ ജനങ്ങൾ നരേന്ദ്ര മോദിയെ തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നവരാണെന്നതാണ്.

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കാകട്ടെ അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ അത്ര പോലും ജനപിന്തുണയില്ലെന്നും ജനങ്ങൾ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും സർവേയിൽ പറയുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും അവിടങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് രാഹുലിനേക്കാൾ ജനപ്രീതിയുള്ളത്. എന്നാൽ കേരളത്തിൽ മോദിയെക്കാൾ ജനപ്രീതിയുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

മോദിക്ക് ഏറ്റവും കുറഞ്ഞ ജനപ്രീതിയുള്ള സംസ്ഥാനങ്ങളിൽ ഒന്നും കേരളമാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നും കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ തമിഴ്‌നാടും രാഹുലിനെയാണ് പിന്താങ്ങുന്നത്. ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും മോദിക്ക് ജനപ്രീതി കുറവാണ്. മോദിക്ക് ജനപിന്തുണ തീരെ കുറവ് പഞ്ചാബിലാണ്. ഉത്തർപ്രദേശിലെ മോദിയുടെ ജനപ്രീതിയും താരതമ്യേന കുറവാണ്.

ബിജെപിയോടൊപ്പം ചേർന്ന് തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെയുടെ മുഖ്യമന്ത്രി എടപ്പടി പളനിസാമിക്കും മോശം സ്‌കോറാണ് ലഭിച്ചത്. ഇവിടെ മോദിക്കും കാര്യമായ ജനപിന്തുണയില്ല. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമാണ് സർവേയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. സർവേയിൽ 11 മുഖ്യമന്ത്രിമാർ അഖിലേന്ത്യാ ശരാശരിയേക്കാൾ (42.8)ഉയർന്ന അംഗീകാരം നേടിയവരാണ്. രാജ്യത്ത് മുപ്പതിനായിരം പേരാണ് സർവ്വേയിൽ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here