പതിനാറുകാരിയുടെ മൂക്കിനുള്ളില്‍ എന്തോ തടയുന്നതായി തോന്നി; വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയത്…

0
376

മനാമ: ആശുപത്രിയിലെത്തിയ 16കാരിയുടെ മൂക്കില്‍ നിന്ന് നീക്കം ചെയ്തത് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല്. ബഹ്‌റൈനിലാണ് അപൂര്‍വ്വമായ സംഭവം ഉണ്ടായത്. മൂക്കിനുള്ളില്‍ തടസ്സം അനുഭവപ്പെട്ട സ്വദേശി പെണ്‍കുട്ടി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പരിശോധനയില്‍ മൂക്കില്‍ പല്ല് വളര്‍ന്നതായി കണ്ടെത്തിയത്.

കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ ഹെഷം യൂസിഫ് ഹസ്സന്റെ നേൃത്യത്വത്തിലാണ് പല്ല് നീക്കം ചെയ്തത്. ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മൂക്കില്‍ നിന്നും പല്ല് പുറത്തെടുത്തത്. മൂക്കിനുള്ളില്‍ തടസ്സം അനുവഭപ്പെടുന്നതായും എന്തോ തിങ്ങിനിറഞ്ഞത് പോലെ തോന്നുന്നെന്നുമാണ് ഇ എന്‍ ടി വിഭാഗത്തിലെത്തിയ പെണ്‍കുട്ടി പറഞ്ഞത്. ഇതേ തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി, സി റ്റി സ്‌കാന്‍ എന്നിവ നടത്തി.

പരിശോധനയില്‍ മൂക്കിനുള്ളില്‍ പല്ല് പോലെയുള്ള എന്തോ വസ്തു ഉള്ളതായി കണ്ടെത്തുകയായിരുന്നു. മൂക്കിലെ ദ്വാരത്തിന് നടുവിലായാണ് ഇതിന്റെ സ്ഥാനമെന്നും വ്യക്തമായി. തുടര്‍ന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പല്ല് നീക്കം ചെയ്തത്. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ പല്ല് നീക്കം ചെയ്യാന്‍ കഴിഞ്ഞെന്നും രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും പ്രൊഫസര്‍ ഹസ്സന്‍ പറഞ്ഞു. ഇത്തരത്തില്‍ സൂപ്പര്‍ന്യൂമെററി ടൂത്ത് എന്നറിയപ്പെടുന്ന പല്ല് ലോകത്ത് 100 മുതല്‍ 1000 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് കാണപ്പെടുന്നതെന്നും അതില്‍ തന്നെ മൂക്കില്‍ പല്ല് വളരുന്ന അവസ്ഥ അപൂര്‍വ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here