Thursday, September 18, 2025
Home Latest news പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല

പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല

0
275

അബുദാബി: പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവായ യാത്രക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി അബുദാബിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ലെന്ന് വിസിറ്റ് അബുദാബി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീന്‍ പട്ടികയിലാണ് സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഖത്തറും ഒമാനും ഉള്‍പ്പെട്ടിട്ടുള്ളത്.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാലും ഗ്രീന്‍ കണ്‍ട്രീസ് പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. അതേസമയം യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനകം എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. 96 മണിക്കൂറിനുള്ളില്‍ കൊവിഡ് പിസിആര്‍ പരിശോധന നടത്തി ഫലം നെറ്റീവായ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ പാലിച്ച് യാത്ര ചെയ്യാം. രാജ്യത്ത് എത്തുന്നവര്‍ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനാ ഫലം വരുന്നത് വരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം.

ഡിസംബര്‍ 23നാണ് ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്  ക്വാറന്റീനില്‍ ഇളവ് നല്‍കിയായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചത്. ഈ പട്ടിക ജനുവരി ഒമ്പതിന് വിപുലീകരിച്ചു. ബ്രൂണെ, ചൈന, ഹോങ് കോങ്, കുവൈത്ത്, മക്കാവോ, മൗറിത്താനിയ, മംഗോളിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെയാണ് അന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം കൊവിഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. 10 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. കൊവിഡ് വാക്സിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ യുഎഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം നിഷേധിച്ചിരുന്നു. തിങ്കളാഴ്‍ച രാത്രി പുറത്തിറക്കിയ പ്രസ്‍താവനയിലാണ് വാക്സിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here