പ്രമേയത്തെ അനുകൂലിച്ച്‌ ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍

0
211

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി ബിജെപി എംഎൽഎ ഒ. രാജഗോപാൽ. അതുകൊണ്ടാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതെന്നും പ്രമേയത്തിലുള്ള ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രമേയത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരൻ ആയതുകൊണ്ട് എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിർത്തില്ല. ഒന്നിച്ചു നിൽക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രനിയമങ്ങൾ പിൻവലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തീർച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ ഒരു പ്രശ്നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here