അതിര്‍ത്തികളടച്ച് ഗള്‍ഫ് രാജ്യങ്ങള്‍; വിമാന സര്‍വീസുകളുണ്ടാകില്ല, പ്രതിസന്ധിയിലായി പ്രവാസികള്‍

0
226

റിയാദ്: ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളടച്ചു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികടച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും ജോലി സ്ഥലങ്ങളിലേക്ക് പോകാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി.

അതേസമയം യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

വിമാന സര്‍വീസുകള്‍ക്ക് പുറമെ കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകളും ഈ രാജ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കുവൈത്തില്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ തന്നെ ആരംഭിക്കും. ജനുവരി ഒന്നുവരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

സൗദി അറേബ്യയിലും ഒമാനിലും ഒരാഴ്ചേേത്തക്കാണ് അതിര്‍ത്തികള്‍ അടച്ചിട്ടുള്ളത്. ഒമാനില്‍ ചൊവ്വാഴ്ച പകല്‍ പ്രാദേശിക സമയം ഒരു മണി മുതല്‍ നിയന്ത്രണം പ്രബാല്യത്തില്‍ വരും.

നിരവധി രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍, പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വൈറസിനെ കുറിച്ചുളള വിവരങ്ങളില്‍ വ്യക്തത വരുന്നത് വരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് സൗദി അറേബ്യ പ്രസ്താവനയില്‍ അറിയിച്ചത്.

സൗദി സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി യുഎഇയിലെ വിമാന കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇത് സൗദി അറേബ്യയിലേക്ക് പോകാനിരുന്ന നിരവധി മലയാളികള്‍ക്ക് തിരിച്ചടിയായി. ഇന്ത്യയില്‍ നിന്ന് നിലവില്‍ സൗദിയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാല്‍ യുഎഇ വഴിയായിരുന്നു സൗദി പ്രവാസികള്‍ പോയിരുന്നത്. ഇത്തരത്തില്‍ യുഎഇയിലെത്തിയവര്‍ അവിടെ കുടുങ്ങി കിടക്കുകയാണ്.

ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

നിലവില്‍ അംഗീകാരം നല്‍കിയ വാക്സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്ട്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.

ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here