‘ബിജെപിക്ക് വെളിച്ചമാകരുത്’, മുഖ്യമന്ത്രി വർഗീയതയ്ക്ക് തീ കൊളുത്തുന്നു; കടുത്ത വിമർശനവുമായി ഇകെ സുന്നി വിഭാഗം

0
394

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇകെ സുന്നി വിഭാഗത്തിന്റെ സുപ്രഭാദം ദിനപ്പത്രത്തിന്റെ എഡിറ്റോറിയലിൽ കടുത്ത വിമർശനം. സംഘപരിവാറിന്റെ ചുമതല സിപിഎം ഏറ്റെടുത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കരുത്. യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുകയാണെന്ന പ്രസ്താവനയ്ക്കെതിരെയാണ് സുന്നി വിമർശനം. മുസ്ലിം ലീഗിനെ മുന്നിൽ നിർത്തി സമുദായത്തെ ആകെ വിമർശിക്കുമ്പോൾ ലീഗുകാരല്ലാത്ത മുസ്ലിംകളുടെ കൂടെ നെഞ്ചിലാണ് പതിക്കുന്നതെന്നോർക്കണമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. സിപിഎമ്മിനെ പോലെ മറ്റൊരു രാഷ്ട്രീയ പാർട്ടിയായ ലീഗ് മുസ്ലിം ലീഗിന്റെ തലപ്പത്ത് വന്നാൽ അതിലെന്താണ് കുഴപ്പം. അതൊരു മഹാ അപരാധമാണോ? സി പി എമ്മിന്റെ മനോഘടനയുടെ സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. 1987 ലെ തെരഞ്ഞെടുപ്പിൽ വർഗീയ കാർഡിളക്കി കളിച്ചവരാണ് സിപിഎം എന്നും അത് ജനം തള്ളിക്കളഞ്ഞുവെന്നും വിമർശനമുണ്ട്.

‘ഇടയ്ക്കിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കോടിയേരി ബാലകൃഷണന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സി.പി.എം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെയും നിലവാരമല്ല സംസ്ഥാനത്തിന്റെ ഭരണത്തലവനില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. വര്‍ഗീയ ധ്രുവീകരണം ഇന്ത്യയിലൊട്ടാകെ പടര്‍ത്താന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത, കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സി.എ.എ നിയമത്തിനെതിരേ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയാണ് കേരള ജനതയ്ക്ക് വേണ്ടത്. സംസ്ഥാന ജനസംഖ്യയില്‍ 27 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും മുന്‍പോട്ടുപോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം.’

‘സി.പി.എമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്‌ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വരികയാണെങ്കില്‍ അതിലെന്താണിത്ര കുഴപ്പം? അതെങ്ങനെയാണ് മഹാ അപരാധമായിത്തീരുന്നത്? സി.പി.എം പൊതുബോധത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മനോഘടനയുടെ ദുഃസൂചനയായി മാത്രമേ മുഖ്യമന്ത്രിയുടെ വാക്കുകളെ കാണാനാകൂ. അമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഹസനെയും വലിച്ചിഴച്ചുകൊണ്ടുവരുമ്പോള്‍ മുസ്‌ലിം സമുദായത്തെയാണ് അത് മൊത്തത്തില്‍ ബാധിക്കുന്നത്. ഇപ്പോഴത്തെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയില്‍ സി പി എം മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കേണ്ടത് കേരളീയ രാഷ്ട്രീയാന്ധകാരത്തില്‍ ദിക്കറിയാതെ നട്ടം തിരിഞ്ഞുകൊണ്ടിരിക്കുന്ന ബി ജെ പിക്ക് വെളിച്ചമാകരുതെന്നാണ്. കേരളം വര്‍ഗീയാഗ്നിയില്‍ കത്തിച്ചാമ്പലാകുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സി പി എം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെ എറിയുക തന്നെ വേണം,’ എന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here