ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹീം രംഗത്ത്. ഗോവധം നിരോധിക്കാനുള്ള നിര്‍ദ്ദിഷ്ട ബില്ലിനെ കര്‍ണാടക കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് മലയാളി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹീമിന്റെ അഭിപ്രായപ്രകടനം. സംസ്ഥാനത്ത് ഗോവധം നിരോധിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മുസ്ലിംകള്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നും സി എം ഇബ്രാഹീം പറഞ്ഞു. ഭരണകക്ഷിയായ ബിജെപി താലൂക്ക് തലത്തില്‍ സ്ഥാപിക്കുന്ന ഗോശാല പദ്ധതിക്ക് പകരം പഞ്ചായത്ത് തലത്തില്‍ ഗോശാലകള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തിലും മുസ്ലിം സമൂഹം ഏര്‍പ്പെടരുതെന്നാണ് ഒരു മുസ്‌ലിം എന്ന നിലയില്‍ ഞാന്‍ ശക്തമായി കരുതുന്നത്. മുസ്‌ലിം സമൂഹം ഇത് തിരിച്ചറിഞ്ഞ് ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് സി എം ഇഹ്രാഹീമിന്റെ വാദം.
കോണ്‍ഗ്രസ് വിട്ട് ജനതാദള്‍ (എസ്) ല്‍ ചേരാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ഉള്‍പ്പെടെ മോശമായി പെരുമാറിയെന്നും അവഗണിച്ചതായും സി എം ഇബ്രാഹീം ആരോപിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ കഴിഞ്ഞയാഴ്ച ഇബ്രാഹീമിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, മുന്‍ കേന്ദ്രമന്ത്രിയായ സി എം ഇബ്രാഹീം അടുത്ത ദിവസം തന്നെ ജെഡി(എസ്) നേതാവ് എച്ച് ഡി ദേവേഗൗഡയെയും മകന്‍ എച്ച് ഡി കുമാരസ്വാമിയെയും കണ്ട് രാജിസന്നദ്ധത അറിയിച്ചിരുന്നു.