കാസർകോട്: തിരഞ്ഞെടുപ്പ് വിഭാഗത്തിനു പുതിയ വെയർഹൗസ് കെട്ടിടം ഒരുങ്ങി. കാസർകോട് സിവിൽ സ്റ്റേഷൻ വളപ്പിൽ കലക്ടറേറ്റിന്റെ പിറകിൽ ഇരുനിലകളിലായി നിർമിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വെയർ ഹൗസ് നാളെ 11ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. വിഡിയോ കോൺഫറൻസ് വഴി സംഘടിപ്പിക്കുന്ന ചടങ്ങിൽ കലക്ടർ ഡി.സജിത് ബാബു അധ്യക്ഷത വഹിക്കും.
പരിമിതികൾക്കിടയിൽ വീർപ്പുമുട്ടിയാണ് ഇത്രയും കാലം ഇലക്‌ഷൻ സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. എന്നിരുന്നാലും കുറ്റമറ്റ രീതിയിൽ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ നിർവഹിച്ചത്. പുതിയ വെയർഹൗസ് വരുന്നതോടെ വിശാലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഇവിഎം, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ സൂക്ഷിക്കാൻ സാധിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ആദ്യഘട്ട പരിശോധന നടത്താൻ മുകൾനിലയിലെ ഹാളിൽ സംവിധാനം ഉണ്ടായിരിക്കുമെന്നു ഡപ്യൂട്ടി കലക്ടർ എ.കെ.രമേന്ദ്രൻ പറഞ്ഞു. 2 കോടി രൂപ ചെലവഴിച്ച കെട്ടിടം 9 മാസത്തിനുള്ളിലാണു പൂർത്തിയാക്കിയത്.
വോട്ടിങ് യന്ത്രങ്ങൾ എത്തിക്കുന്നത്മഹാരാഷ്ട്രയിൽ നിന്ന്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ ജില്ലയിലേക്ക് എത്തിക്കുന്നത് മഹാരാഷ്ട്രയിൽ നിന്ന് ജില്ലയിൽ ഉദ്യോഗസ്ഥർ പൊലീസ് അകമ്പടിയോടെ ഇവ സ്വീകരിക്കുന്നതിനായി മഹാരാഷ്ട്രയിലേക്ക് പോകുമെന്നു ഡപ്യൂട്ടി കലക്ടർ എ.കെ.രമേന്ദ്രൻ അറിയിച്ചു. 2200 വിവിപാറ്റ്, 2000 കൺട്രോൾ യൂണിറ്റ്, 2000 ബാലറ്റ് യൂണിറ്റ് എന്നിവയാണ് പുതുതായി എത്തിക്കുന്നത്.