ജനുവരി നാലിന് കോളേജുകള്‍ തുറക്കും; ശനിയാഴ്ച്ചകളിലും ക്ലാസ്; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

0
189

തിരുവനന്തപുരം: കോവിഡ് കാലത്തെ ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറക്കും. ഒരേ സമയം അമ്പത് ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ്.

ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ് തുടങ്ങുക. പ്രാക്ടിക്കല്‍ പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വിഷയങ്ങളിലും ഊന്നിയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. ഓരോ കോളേജിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കി ആവശ്യമെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തണം. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി ഈ മാസം 28ന് അധ്യാപകരും അധ്യാപകേതര ജീവനക്കാരും കോളജുകളില്‍ എത്തണം. ക്ലാസ് മുറികളുടെ സാനിറ്റൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്നു ചെയ്യണമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ശനിയാഴ്ചകളില്‍ കോളേജുകള്‍ക്കു പ്രവൃത്തി ദിനം ആയിരിക്കും. രാവിലെ എട്ടര മുതല്‍ അഞ്ചര വരെയായിരിക്കും പ്രവൃത്തിസമയം. തല്‍ക്കാലം ഹാജര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും നിര്‍ദേശത്തിലുണ്ട്.

ശാരീരീക അകലം പാലിക്കലും മാസ്‌കും കാംപസില്‍ നിര്‍ബന്ധമാക്കണം. എന്നാല്‍ തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമല്ല.

ഹോസ്റ്റല്‍ മെസ്സുകളും ഇതോടൊപ്പം തുറക്കാവുന്നതാണ്. ഡൈനിങ് ഹാളില്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. പത്തു ദിവസത്തിനു ശേഷം ഈ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here