തദ്ദേശസ്ഥാപനങ്ങളെ കാത്തിരിക്കുന്നത് ഒരുലക്ഷം കോടി

0
201

തിരുവനന്തപുരം: പുതിയ ഭരണസമിതികൾ അധികാരമേൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് അടുത്ത അഞ്ചുവർഷം വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടിരൂപ കിട്ടാൻ സാധ്യത. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ പണവും തദ്ദേശ സ്ഥാപനങ്ങളുടെ തനതുവരുമാനവും ഉൾപ്പെടെയാണിത്. സംസ്ഥാന സർക്കാരിന്റെ ഒരുവർഷത്തെ ശരാശരിച്ചെലവിനു തുല്യമാണ് ഈ തുക.

തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതം ശുപാർശ ചെയ്യുന്ന സംസ്ഥാന ധനകാര്യ കമ്മിഷൻ വരുന്ന അഞ്ചുവർഷത്തേക്ക് വിഹിതം വർഷംതോറും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വർധന നിലവിൽവരുമ്പോൾ സംസ്ഥാന സർക്കാരിന്റെ വിഹിതമായിമാത്രം അഞ്ചുവർഷത്തേക്ക് 80,000 കോടി രൂപവരെ കിട്ടും. തനതു വരുമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതി സഹായമായി 20,000 കോടി രൂപ വേറെയും ലഭിച്ചേക്കും. കമ്മിഷൻ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.

ഈ സാമ്പത്തികവർഷം അവസാനിക്കുന്ന അഞ്ചുവർഷക്കാലയളവിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ഉൾപ്പെടെ നീക്കിവെച്ചത് 80,000 കോടിയാണ്. ഈവർഷംമാത്രം ഏകദേശം 18,000 കോടിരൂപ പലയിനങ്ങളിൽ വകയിരുത്തി. ഇതിൽ എത്ര ചെലവായെന്ന് സാമ്പത്തിക വർഷാവസാനം അറിയാം.

തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതമായി നൽകുന്നത്. തനതു വരുമാനത്തിന്റെ ആറുശതമാനം മെയിന്റനൻസ് ഗ്രാന്റായും മൂന്നുശതമാനം ജനറൽ പർപ്പസ് ഫണ്ടായും ലഭിക്കും. ഈ വിഹിതമെല്ലാം വർഷംതോറും കൂട്ടാനാണ് കമ്മിഷൻ ശുപാർശ. ജനുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ശുപാർശയനുസരിച്ചുള്ള തുക വകയിരുത്തും.

മെംബർ പോസിറ്റീവാകണം; മുന്നിൽ അപാര സാധ്യതകൾ

തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ വിഹിതം കിട്ടുകയും ചെയ്യുന്നതോടെ ഇത്തവണ അധികാരത്തിലേറുന്ന ജനപ്രതിധികളെ കാത്തിരിക്കുന്നത് വൻ സാധ്യതകൾ. അത് അവർ ശരിയായ മുൻഗണനയോടെ പ്രയോജനപ്പെടുത്തിയാൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ചിറകിൽ കേരളം സുസ്ഥിര വികസനത്തിലൂടെ കുതിക്കും.

2020-21 മുതലുള്ള അഞ്ചുവർഷക്കാലം കിട്ടാനിരിക്കുന്ന ഒരുലക്ഷം കോടിയോളം രൂപയിൽ ഭൂരിഭാഗവും സർക്കാർ കടമെടുത്തു നൽകുന്നതാണ്. ജനാധിപത്യത്തിന്റെ കടമകൾ നിറവേറ്റുന്നതിനൊപ്പം ഈ പണം നാടിനുവേണ്ടി പ്രയോജനപ്പെടുത്തേണ്ട ഭാരിച്ച ഉത്തരവാദിത്വം തദ്ദേശ ജനപ്രതിനിധികൾക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here