അമിത് ഷാ ബംഗാളില്‍; പാര്‍ട്ടിയില്‍ ചേരാനൊരുങ്ങി തൃണമൂല്‍ നേതാക്കളുടെ പട, ബിജെപിയിലും കലാപം

0
290

കൊല്‍ക്കത്ത: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

മുന്‍മന്ത്രി ശുഭേന്ദു അധികാരിയടക്കം എംപിമാരും എംഎല്‍എമാരുമടങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതൃപട തന്നെ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പാര്‍ട്ടി വിട്ടിരുന്നു. ചില എംപിമാരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ന് മിദ്‌നാപുറില്‍ നടക്കുന്ന അമിത് ഷായുടെ റാലിക്കിടെയാകും നേതാക്കള്‍ ബിജെപിയില്‍ ചേരുക.  സിപിഎം എംഎല്‍എ തപ്സി മൊണ്ഡലും ഇന്ന് ബിജെപിയില്‍ ചേരും. ശനിയാഴ്ച അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് അംഗത്വമെടുക്കുമെന്ന് അവര്‍ അറിയിച്ചിരുന്നു. സി.പി.എം. തപ്സിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഇതിനിടെ തൃണമൂല്‍ വിട്ടുവരുന്ന നേതാക്കളെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെച്ചൊല്ലി ബി.ജെ.പി.യില്‍ കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്. അസന്‍സോളിലെ പ്രമുഖ നേതാവായ ജിതേന്ദ്ര തിവാരിയെയും ബിഷ്ണുപുരിലെ പ്രമുഖ നേതാവും മുന്‍മന്ത്രിയുമായ ശ്യാമപ്രസാദ് മുഖര്‍ജിയെയും പാര്‍ട്ടിയിലെടുക്കുന്നതിനെതിരേയാണ് പ്രദേശത്തെ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയത്. ശുഭേന്ദുവിന്റെ അടുത്ത അനുയായിയും മുന്‍മന്ത്രിയുമാണ് ശ്യാമപ്രസാദ് മുഖര്‍ജി.

ജിതേന്ദ്ര തിവാരിയെ ബി.ജെ.പി.യില്‍ ചേര്‍ക്കരുതെന്ന് കേന്ദ്രസഹമന്ത്രിയും അസന്‍സോള്‍ എം.പി.യുമായ ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടു. അസന്‍സോളിലെ സാധാരണ ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കുന്നതിൽ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം മുന്നിൽ നിന്നയാളാണ് തിവാരിയെന്ന് ബാബുല്‍ വീഡിയോ സന്ദേശത്തില്‍ കുറ്റപ്പെടുത്തി. കേന്ദ്രനേതൃത്വവുമായി വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജിതേന്ദ്രയുമായി താന്‍ രഹസ്യധാരണയുണ്ടാക്കിയെന്ന പ്രചാരണം തെറ്റാണെന്നും പ്രവര്‍ത്തകരെ മറന്ന് ഒരു ധാരണയുമുണ്ടാക്കില്ലെന്നും ബാബുല്‍ വ്യക്തമാക്കി.

ജിതേന്ദ്ര തിവാരിക്കെതിരേ പ്രമുഖ ഫാഷന്‍ ഡിസൈനറും മഹിളാമോര്‍ച്ചാ നേതാവുമായ അഗ്‌നിമിത്ര പോളും രംഗത്തെത്തി. അസന്‍സോളില്‍ വെറുക്കപ്പെട്ടവനാണ് തിവാരിയെന്ന് അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, ശുഭേന്ദു അധികാരിയെ പാര്‍ട്ടിയിലേക്ക് സ്വാഗതംചെയ്യുന്നുവെന്നും അഗ്‌നിമിത്ര പറഞ്ഞു.

തൃണമൂല്‍വിട്ട മുന്‍മന്ത്രി ശ്യാമപ്രസാദ് മുഖര്‍ജിയെ പാര്‍ട്ടിയിലെടുക്കരുതെന്ന ആവശ്യവുമായി ബിഷ്ണുപുരിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ”തരംപോലെ പാര്‍ട്ടിമാറുന്നയാളാണ് ശ്യാമപ്രസാദ്. ക്ഷേത്രഭൂമി അന്യായമായി വിറ്റതടക്കം പല തട്ടിപ്പുകളും നടത്തിയയാള്‍. വാഗ്ദാനംചെയ്ത് യുവാക്കളില്‍നിന്ന് പണംപിരിച്ചിട്ടുണ്ട്. ഇത്തരക്കാരെ പാര്‍ട്ടിയിലെടുക്കാന്‍ പാടില്ല” -ബി.ജെ.പി. ബിഷ്ണുപുര്‍ ജില്ലാ സെക്രട്ടറി ഹര്‍കാളി പ്രതിഹാര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here