അബുദാബി: നിലവിലെ സാഹചര്യത്തില്‍ പാസ്‍പോര്‍ട്ട് പുതുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബിയിലെ ഇന്ത്യന്‍ എംബസി, ഇതിനോടകം കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ജനുവരി 31ന് മുമ്പ് കാലാവധി കഴിയുന്നതോ ആയ പാസ്‍പോര്‍ട്ടുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മാത്രമേ ഇപ്പോള്‍ പരിഗണിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിര്‍ദേശം എംബസി പുറത്തിറക്കിയത്. എന്നാല്‍ അടിയന്തര സാഹചര്യത്തിലുള്ള പാസ്‍പോര്‍ട്ട് സേവന അപേക്ഷകള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രേഖകള്‍ സ്കാന്‍ ചെയ്‍ത് cons.abudhabi@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. അടിയന്തര സാഹചര്യം എന്താണെന്ന് ഇ-മെയിലില്‍ വിശദീകരിക്കണം. ഇങ്ങനെ ലഭിക്കുന്ന മെയിലുകള്‍ പരിഗണിച്ച് ആവശ്യമായ സേവനങ്ങള്‍ നല്‍കുമെന്നും എംബസി അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം.
കമ്പനികളിലെ ജീവനക്കാരുടെ പാസ്‍പോര്‍ട്ട് സേവന അപേക്ഷകള്‍ ഒരുമിച്ച് സ്വീകരിച്ച് ബി.എല്‍.എസ് സെന്ററുകളില്‍ എത്തിക്കാന്‍ കമ്പനി പി.ആര്‍.ഒമാര്‍ക്ക് കഴിഞ്ഞമാസം എംബസി അനുമതി നല്‍കിയിരുന്നു. നേരത്തെ ഓരോ അപേക്ഷകരും നേരിട്ട് അടുത്തുള്ള ബി.എല്‍.എസ് സെന്ററുകളില്‍ എത്തേണ്ട സാഹചര്യമുണ്ടായിരുന്നു.