‘എവിടെ ബിജെപി കൊടുങ്കാറ്റ്?; അമിത് ഷായെ വെല്ലുവിളിച്ചു, സ്വന്തം മണ്ണ് വിടാതെ ഉവൈസി

0

ഹൈദരാബാദ്∙ പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമായിരുന്നു ഹൈദരാബാദ് കണ്ടത്. ഒരു മുനിസിപ്പൽ തിര‍ഞ്ഞെടുപ്പിന് ഉൾക്കൊള്ളാനാകാത്ത വിധം വമ്പൻ പ്രചാരണം. ദേശീയ നേതൃത്വത്തെ ഇറക്കി ബിജെപിയായിരുന്നു കൊണ്ടുപിടിച്ച പ്രചാരണം നടത്തിയതും തിരഞ്ഞെടുപ്പിനെ രാജ്യശ്രദ്ധയിൽ എത്തിച്ചതും. ഭരണം പിടിക്കാനായില്ലെങ്കിലും മിന്നുന്ന ജയം സ്വന്തമാക്കി ബിജെപി നേട്ടം കൊയ്തപ്പോൾ, പതറാതെ നിന്ന ഒരാളേയുള്ളൂ; ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്റെ (എഐഎംഐഎം) അസദുദ്ദീൻ ഉവൈസി.

കെ.ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) കോട്ടയാണെങ്കിലും ഈ തിരഞ്ഞെടുപ്പിൽ എഐഎംഐഎമ്മും ബിജെപിയും തമ്മിൽ നേർക്കുനേർ യുദ്ധമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉവൈസിയും തമ്മിലുള്ള പോരാട്ടമെന്നും വിശേഷിപ്പിക്കാം. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ വമ്പൻ സ്രാവുകളുമായാണു ബിജെപി ഇളക്കി മറിച്ചത്. ഹൈദരാബാദ് നേടുകയും തെലങ്കാന വഴി ദക്ഷിണേന്ത്യയിൽ കാവിക്കൊടി പാറിക്കുകയുമായിരുന്നു പാർട്ടിയുടെ ഉന്നം.

സംസ്ഥാനവും മുനിസിപ്പൽ കോർപറേഷനും ഭരിക്കുന്ന ടിആർഎസിന്റെ പ്രകടനം ഹൈദരാബാദിൽ ബിജെപിക്കു മുന്നിൽ മങ്ങിയപ്പോൾ പിടിച്ചുനിന്നതിന്റെ ആശ്വാസത്തിലാണ് ഉവൈസി. വാശിയേറിയ തിരഞ്ഞെടുപ്പിൽ ആർക്കും തനിച്ചു ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. 150 അംഗ കോർപറേഷനിൽ 149 എണ്ണത്തിന്റെ ഫലം വന്നപ്പോൾ ഭരണകക്ഷിയായ ടിആർഎസ് 55 സീറ്റുകളിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപി 48 സീറ്റുകൾ നേടി രണ്ടാമതെത്തി. ഹൈദരാബാദ് പഴയ നഗര മേഖലയിൽ ഉവൈസിയുടെ എഐഎംഐഎം 44 സീറ്റുകൾ നേടി. കോൺഗ്രസിനു 2 സീറ്റുകൾ മാത്രം. 2016ലെ ഫലം അതേപടി നിലനിർത്താൻ ബിജെപിയുടെ കൊടുങ്കാറ്റിലും ഉവൈസിക്കു കഴിഞ്ഞു.

കഴിഞ്ഞ തവണ ടിആർഎസ് വിജയിച്ച നാൽപതിലേറെ വാർഡുകൾ ഇത്തവണ ബിജെപി പിടിച്ചെടുത്തു. 2016ൽ സാന്നിധ്യം പോലുമില്ലാതിരുന്ന മേഖലകളിൽ കടന്നുകയറിയാണു ബിജെപി ടിആർഎസിനെ ഞെട്ടിച്ചത്. ഇരുകക്ഷികളും തമ്മിലുള്ള വ്യത്യാസം 7 സീറ്റുകൾ മാത്രം. മേയർ സ്ഥാനം നിലനിർത്താൻ ടിആർഎസിന് ഉവൈസിയുടെ പിന്തുണ തേടേണ്ടിവരും. 4 വർഷം മുൻപു നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ ടിആർഎസ് 99 സീറ്റുകൾ നേടിയിരുന്നു. നാലി‍ൽനിന്നാണ് 48ലേക്ക് ബിജെപിയുടെ കുതിപ്പ്. ബിജെപി പ്രചാരണം മാമാങ്കമാക്കിയപ്പോൾ, ശക്തമായ ആരോപണങ്ങളുമായി തിരിച്ചടിച്ചാണ് ഉവൈസി കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകാതെ കാത്തത്.

തിരഞ്ഞെടുപ്പിന് ഇനി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാത്രമേ എത്താനുള്ളൂ എന്നായിരുന്നു ബിജെപിയുടെ താരപ്പടയെ ലക്ഷ്യമിട്ടുള്ള ഉവൈസിയുടെ പരിഹാസം. നഗരത്തിലേക്ക് എത്തുന്ന ബിജെപി നേതാക്കളെ കണ്ടിട്ട് ഇതു ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ആണെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉവൈസി വെല്ലുവിളിച്ചു. മോദി നേരിട്ടു പ്രചാരണത്തിനെത്തൂ, എത്ര സീറ്റുകള്‍ നേടുമെന്ന് കാണാം എന്നായിരുന്നു വാക്കുകൾ. ബിജെപിയുടെ ധ്രൂവീകരണ അജൻഡകളെല്ലാം തുറന്നുകാട്ടിയായിരുന്നു ഉവൈസിയുടെ പ്രചാരണം. വിഭാഗീയ ശക്തികളില്‍നിന്ന് നഗരത്തെ രക്ഷിക്കണമെന്ന തരത്തിൽ ദുർബലമായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതിരോധം.

രണ്ടാമത്തെ വലിയ പാർട്ടിയായതോടെ ‘ബിജെപി കൊടുങ്കാറ്റ്’ സൃഷ്ടിച്ചു എന്ന അവകാശവാദത്തെ ഉവൈസി തള്ളി. ‘എവിടെയാണ് കൊടുങ്കാറ്റ്? അങ്ങനെയാണെങ്കിൽ മഹാരാഷ്ട്രയിലെ ലെജിസ്‍ലേറ്റീവ് കൗൺസിലിൽ അവർ തോൽക്കുമായിരുന്നില്ലല്ലോ. എന്റെ പ്രദേശത്ത് അവർക്ക് ഒന്നും ചെയ്യാനായില്ല. ഞങ്ങൾ ജനാധിപത്യപരമായി പോരാടി. 51 സീറ്റുകളിൽ മത്സരിച്ചു, 44 എണ്ണം നേടി. അങ്ങനെയെങ്കിൽ 80 സീറ്റുകളിൽ എഐഎംഐഎം മത്സരിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നാലോചിക്കൂ. 2016ൽ 60 സീറ്റുകളിൽ പോരാടിയപ്പോൾ 44 എണ്ണം നേടി. ഈ വർഷത്തെ സ്ട്രൈക്ക് റേറ്റ് മികച്ചതാണ്’– ഉവൈസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here