ബന്തിയോട് അടുക്കയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

0
219

ബന്തിയോട് (www.mediavisionnews.in) :ബന്തിയോട് അടുക്കയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ കാസര്‍കോട് തളങ്കരയിലെ അബ്ദുല്‍ ആരിഫ് എന്ന അച്ചു (33)വിനെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം അടുക്കം ബൈദലയിലെ ബാത്തിഷ, ഉപ്പളയിലെ സഫാദത്ത് എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. വെടിവെപ്പ് കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ ആരിഫ് ഉപ്പളയിലെത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് പെര്‍മുദെ മണ്ടെകാപ്പിലെ വ്യാപാരി രാമകൃഷ്ണനെ പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ആരിഫെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതികൂടിയാണ് ആരിഫ്.

കഴിഞ്ഞ 31ന് രാവിലെ അടുക്കം ബൈദലയിലെ ഷേക്കാലിയുടെ വീട്ടില്‍ മകനെ തേടിയെത്തിയ ആരിഫും സംഘവും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആള്‍ട്ടോ 800 കാറിന്റെ ഗ്ലാസിലേക്ക് വെടിവെക്കുകയും കാര്‍ തകര്‍ക്കുകയുമായിരുന്നു. പിന്നീട് കൊലവിളി നടത്തിയാണ് മടങ്ങിയത്. അതിനിടെ പൊലീസില്‍ പരാതി നല്‍കാന്‍ ഷേക്കാലിയും ഭാര്യയും മറ്റൊരു കാറില്‍ പോകുന്നതിനിടെ ഇതേസംഘം വഴിയില്‍ വെച്ച് ഇവരുടെ കാറിടിച്ച് തകര്‍ക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് ബന്തിയോട് അടുക്കയില്‍ വെച്ച് ഒരുസംഘത്തിന് നേരെ വാള്‍ വീശിയതിനും ആരിഫിനെതിരെ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here