ഒ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് വരില്ലേ: പുതിയ പഠനം പറയുന്നത്…

0

ഒ രക്തഗ്രൂപ്പുള്ളവരെ കോവിഡ് 19 ബാധിക്കാന്‍ സാധ്യത കുറവെന്നാണ് പുറത്തു വന്ന പുതിയ പഠനം പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന രണ്ട് പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒ ബ്ലഡ് ഗ്രൂപ്പുകാരെ കോവിഡ് ബാധിക്കാന്‍ സാധ്യതയില്ലെന്നല്ല, മറ്റ് രക്തഗ്രൂപ്പുകാരെ വെച്ച് നോക്കുമ്പോള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകരുടെ ആവശ്യം.

ഡെന്‍മാര്‍ക്കില്‍ കോവിഡ് പോസിറ്റീവ് ആയ 7,422 പേരില്‍ നടത്തിയ പഠനമനുസരിച്ച് ഇവരില്‍ 34.4 ശതമാനം പേര്‍ മാത്രമാണ് ഒ രക്ത ഗ്രൂപ്പിലുള്ളവര്‍. എന്നാല്‍ 44.4 ശതമാനം പേര്‍ എ രക്തഗ്രൂപ്പുകാരാണ്. മൊത്തം ജനസംഖ്യയില്‍ പരിശോധിക്കപ്പെട്ട 62% ആളുകളുടെ രക്തഗ്രൂപ്പ് വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. അതിനാൽ പഠനത്തിലെ കണ്ടെത്തലുകൾ പരിമിതമാണെന്ന് ഗവേഷകര്‍ പറയുന്നു.

കാനഡയില്‍ ഗുരുതരമായി കോവിഡ് ബാധിച്ച് 95 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരില്‍ 84 ശതമാനം പേരും എ രക്തഗ്രൂപ്പുകാരോ, എ.ബി രക്തഗ്രൂപ്പിലുള്ളവരോ ആണ്. മാത്രമല്ല, ഈ രക്ത ഗ്രൂപ്പുകാര്‍ ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് കൂടുതല്‍ ദിവസം വെന്‍റിലേറ്ററില്‍ കഴിയേണ്ടിവന്നുവെന്നും പഠനത്തിലുണ്ട്.

പക്ഷേ, എന്ന് കരുതി എ ഗ്രൂപ്പുകാര്‍ പേടിക്കേണ്ട കാര്യമില്ലെന്നും, ഒ ഗ്രൂപ്പുകാര്‍ തങ്ങള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് കരുതി പുറത്തിറങ്ങി നടക്കരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാൽ നിലവിൽ സ്വീകരിക്കുന്ന എല്ലാ മുൻകരുതലുകളും തുടർന്നും സ്വീകരിക്കണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

“സാധ്യത കുറവാണ് എന്ന് പറയുമ്പോൾ രോഗം വരില്ല എന്നല്ല, രോഗം ബാധിക്കാനുള്ള സാധ്യത നേരിയ തോതിൽ കുറവാണ് എന്നാണ് അർത്ഥം.” എന്ന് പറയുന്നു വിസ്കോസിൻ മെഡിക്കൽ കോളേജിലെ ഡോ റോയ് സിൽവർസ്റ്റൈൻ. അമേരിക്കൻ സൊസൈറ്റി ഓഫ് ഹെമറ്റോളജിയുടെ മുൻ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. ചികിത്സിക്കുമ്പോൾ രോഗിയുടെ രക്ത ഗ്രൂപ്പ് ഒ ആണോ, എ ആണോയെന്നുള്ളത് പരിഗണിക്കില്ല. പുതിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ നിലവിലുള്ള ചികിത്സയ്ക്ക് മാറ്റം വരുത്തില്ലെന്നും സിൽവർസ്റ്റൈൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here