മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും വെറ്ററിനറി പോളിക്ലിനിക്കുകൾ

0
483

കാഞ്ഞങ്ങാട്: ജില്ലയിലെ രണ്ടുകേന്ദ്രങ്ങളിൽകൂടി  മുഴുവൻ സമയ മൃഗചികിത്സ ലഭ്യമാക്കുന്നു. മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും വെറ്ററിനറി പോളി ക്ലിനിക്കുകൾ പുതുതായി അനുവദിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രി 16 ന്  റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.  മൃഗ ചികിത്സാരംഗത്തെ  നൂതനസംരംഭമാണിത്‌.     കാസർകോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മാത്രമേ  ജില്ലയിൽ മുഴുസമയ മൃഗചികിത്സ ഉണ്ടായിരുന്നുള്ളൂ. കാഞ്ഞങ്ങാട്, മഞ്ചേശ്വരം മൃഗാശുപത്രികൾ പോളി ക്ലിനിക്കുകൾ ആയി ഉയർത്തിയതോടെ വെള്ളരിക്കുണ്ട് ഒഴികെയുള്ള മൂന്നുതാലൂക്കുകളിലും 24 മണിക്കൂർ സേവനമാകും.  ഒരു ഡോക്ടറുടെ സേവനമുണ്ടായിരുന്ന ഈ ആശുപത്രികളിൽ നാലു  ഡോക്ടർമാരുണ്ടാവും. മൂന്നു ഷിഫ്റ്റുകളിലായി രാവിലെ എട്ടുമുതൽ പകൽ  രണ്ടുവരെയും രണ്ടുമുതൽ എട്ടുവരെയും രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയുമാണ്   ക്രമീകരണം. ഒരു സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ മൂന്നു ഡോക്ടർമാരും മൂന്ന‌് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും   അനുബന്ധ ജീവനക്കാരുമായി 24 മണിക്കൂറും പ്രവർത്തിക്കും. ലബോറട്ടറി  പരിശോധന, സർജറി, എക്സ്-റേ, സ്കാനിങ് അടക്കമുള്ള  സൗകര്യങ്ങൾ ഒരുക്കും.   തസ്തികകൾ പുനർ വിന്യാസം നടത്തിയാണ് സേവനമൊരുക്കുന്നത്.  സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും രാത്രികാല സേവനത്തിനുള്ള നടപടികളും പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here