കൊവിഡ് 19; സ്വയം ചികിത്സയും മരുന്ന് കഴിപ്പും അപകടം!

0

ഈ കൊവിഡ് കാലത്ത് ആരോഗ്യമേഖല ഇത്രമാത്രം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ മറ്റൊരു വെല്ലുവിളിയാവുകയാണ് ആളുകളുടെ സ്വയം ചികിത്സ. ഡോക്ടറുടെ പരിശോധന കൂടാതെ രോഗം സ്വയം നിര്‍ണയിക്കുകയും അതിന് സ്വന്തമായി മരുന്ന് തെരഞ്ഞെടുത്ത് കഴിക്കുകയും ചെയ്യുന്നതാണ് സ്വയം ചികിത്സ. 

ജലദോഷം, പനി, തലവേദന എന്നുതുടങ്ങുന്ന അസുഖങ്ങള്‍ക്കെല്ലാം മുമ്പും സ്വയം ചികിത്സ തന്നെയാണ് മിക്കവരും നടത്താറ്. എന്നാല്‍ കൊവിഡ് 19ന്റെ വരവോടുകൂടി ഇതിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു എന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

കൊവിഡ് 19 ലക്ഷണങ്ങളില്‍ ഏതെങ്കിലും കണ്ടെത്തുകയും തുടര്‍ന്ന് പരിശോധന കൂടാതെ തന്നെ സ്വയം രോഗം ഉറപ്പിക്കുകയും ലക്ഷണങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള ഗുളികകള്‍ പ്രത്യേകമായി വാങ്ങിക്കഴിക്കുന്നതുമാണ് ‘ട്രെന്‍ഡ്’ എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

പാരസെറ്റമോള്‍ തുടങ്ങി വിറ്റാമിന്‍ ഗുളികകള്‍ വരെയാണ് ഈ സ്വയം ചികിത്സയുടെ ഭാഗമായി ആളുകള്‍ ധാരാളമായി വാങ്ങിക്കഴിക്കുന്നതത്രേ. ഇത്തരത്തില്‍ സ്വയം ചികിത്സ നടത്തുന്നത് പല തരത്തിലുള്ള അപകടങ്ങളിലേക്കാണ് നയിക്കുകയെന്നും കൊവിഡ് 19 ഉയര്‍ത്തുന്ന വിഷമതകള്‍ക്കിടയില്‍ ഇത് പുതിയ വെല്ലുവിളിയായി മാറിയേക്കുമെന്നും ഇവര്‍ പറയുന്നു. 

പരിശോധനയിലൂടെ രോഗം സ്ഥാപിക്കപ്പെടാത്തിടത്തോളം സ്വയം രോഗമുണ്ടെന്ന് ഉറപ്പിക്കരുതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. സംശയമുള്ള സാഹചര്യമാണെങ്കില്‍ പരിശോധനയ്ക്കായി ശ്രമിക്കുക, അല്ലാത്ത പക്ഷം സ്വയം ഗുളികകളും മാറ്റി വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. രോഗമുള്ളവരിലാണെങ്കില്‍ ഈ സ്വയം ചികിത്സ അവരുടെ രോഗനിലയെ തീവ്രമാക്കിയേക്കും, രോഗമില്ലാത്തവരാണെങ്കില്‍ ഓവര്‍ ഡോസ്, അലര്‍ജി, സൈഡ് എഫക്ട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്- ഡോക്ടര്‍മാര്‍ പറയുന്നു. 

ഇതിന് പുറമെ കൊവിഡ് 19 ഉള്ളവരിലാണെങ്കില്‍ നേരായ രോഗനിര്‍ണയം നടക്കാതിരിക്കുന്നത് മൂലം മറ്റുള്ളവരിലേക്ക് രോഗമെത്തുന്ന സാഹചര്യവുമുണ്ടാകുന്നു. ഇതും നിലവിലെ അവസ്ഥകളെ കൂടുതല്‍ മോശമാക്കാനേ ഉപകരിക്കൂവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here