വിജയ് പി. നായർ പരാതി നൽകി; ഭാഗ്യലക്ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

0

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിവാദ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗർ വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.

ഭാഗ്യലക്ഷമിയും സംഘവും തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായർ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ അർധരാത്രിയോടെ ഇയാൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാദമായ യൂട്യൂബ് വീഡിയോകൾ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത വിജയ് പി നായരുടെ മൊബൈൽ ഫോണും ലാപ്പ്ടോപ്പും സംഘം കൊണ്ടു പോയിരുന്നു,

അതേസമയം ബിന്ദു അമ്മിണി, ലക്ഷ്മി അറയ്ക്കൽ എന്നിവർ വിജയ് പി നായരുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകൾ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകിയിരുന്നുവെങ്കിലും സൈബർ പൊലീസോ ലോക്കൽ പൊലീസോ കേസ് എടുത്തില്ല. ഇന്നലെ വിജയ് പി നായരെ കണ്ട ശേഷം ഭാഗ്യലക്ഷമിയും സംഘവും കമ്മീഷണർ ഓഫീസിലേക്ക് എത്തിയിരുന്നു.

അതിക്രമിച്ചു കടക്കൽ, ഭീഷണി, കൈയ്യേറ്റം ചെയ്യൽ, മോഷണം എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൻ്റെ എഫ്ഐആറിൽ ഭാഗ്യലക്ഷമിയുടെ പേര് മാത്രമാണ് നിലവിലുള്ളത്. ഭാഗ്യലക്ഷ്മിയും കണ്ടാലറിയുന്ന രണ്ട് പേരും ചേർന്നാണ് ആക്രമണം നടത്തിയത് എന്നാണ് എഫ്ഐആറിലുള്ളത്. ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവരാണ് ഭാഗ്യലക്ഷമിക്കൊപ്പം ഉണ്ടായിരുന്നത്.

ഇവിടെ നിന്നും ഇവരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയ ഭാഗ്യലക്ഷമിയും സംഘവും വിജയ് പി നായരുടെ മൊബൈലും ലാപ്പ്ടോപ്പും അവിടെ ഏൽപിക്കാൻ തുനിഞ്ഞെങ്കിലും ഇവർ അതിക്രമിച്ചു കടന്ന് എടുത്തു സാധനങ്ങളായതിനാൽ അതു സ്വീകരിക്കാനാവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തുടർന്ന് ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായർക്കെതിരെ പരാതി നൽകി. ഈ പരാതിയിൽ വിജയ് പി നായർക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അപകീർത്തികരമായ വീഡിയോ അപ്ലോഡ് ചെയ്തതിന് പൊലീസിന് പലവട്ടം പരാതി നൽകിയിരുന്നുവെന്നും പൊലീസ് നടപടി സ്വീകരിക്കാത്തതിനാലാണ് ഒടുവിൽ നേരിട്ടിറങ്ങേണ്ടി വന്നതെന്നും ഇതിൻ്റെ ജയിലിൽ പോയി കിടക്കേണ്ടി വന്നാലും പ്രശ്നമില്ലെന്നും ഇന്നലെ ഭാഗ്യലക്ഷമി പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here