ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

0
179

ലഖ്‌നൗ: ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഉത്തര്‍പ്രദേശ് മഥുരയിലെ സിവില്‍ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറിയെന്നും, വിഗ്രഹത്തെ പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലഖ്നൗ സ്വദേശി രഞ്ജന അഗ്നിഹോത്രിയും ആറ് ഭക്തരും ചേര്‍ന്ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് സിവില്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന വാദം. ഖനനം ചെയ്താല്‍ വസ്തുതകള്‍ പുറത്തുവരും. 13.37 ഏക്കറിലുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

മഥുര കോടതിയില്‍ ഭൂമി സംബന്ധിച്ച കേസുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഭരണം കൈയ്യാളുന്ന ശ്രീകൃഷ്ണ ജനംസ്ഥാന്‍ സേവാ സന്‍സ്ഥാന്‍, ഷാഹി ഈദ്ഗാഹ് ട്രസ്റ്റുമായി നിയമവിരുദ്ധ ഒത്തുതീര്‍പ്പിലെത്തിയെന്നും വിഗ്രഹത്തിന് അവകാശപ്പെട്ട ഭൂമി വിട്ടുകൊടുത്തുവെന്നും ഭക്തര്‍ ഹര്‍ജിയില്‍ പറയുന്നു. 1973 ജൂലൈ 20ന് മഥുര കോടതി ഒത്തുതീര്‍പ്പ് അംഗീകരിച്ച് വിധി പാസാക്കി. ഈ വിധി റദ്ദ് ചെയ്യണമെന്ന് ഭക്തരുടെ പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും ഷാഹി ഈദ് ഗാഹ് ഭരണസമിതിയുമാണ് എതിര്‍കക്ഷികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here