ഐഎസ് ഭീകരരുമായി അടുപ്പം; നാല് കാസർഗോഡ് സ്വദേശികളെ യുഎഇ നാടുകടത്തി

0
458

കാസർഗോഡ്: (www.mediavisionnews.in) ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയിൽ നിരീക്ഷണത്തിലായിരുന്ന 9 കാസർഗോഡ് സ്വദേശികളിൽ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്.

കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന  തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ, ജലാലാബാദ് ജയിലിൽ വെടിയുതിർത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയായി എൻഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ്  യുഎഇ പൊലീസ് 9 പേരെ പിടികൂടിയത്. പിടിയിലായവരിൽ നാല് പേരെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. ഇവരുടെ പാസ്പോർട്ട് എൻഐഎ സംഘം പിടിച്ചുവച്ചതായും വിവരമുണ്ട്.

എന്നാൽ ഇവർക്കെതിരെ നിലവിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കോഴിക്കോട് ഫസ്റ്റ് ട്രീറ്റ് മെന്റ് സെന്ററിൽ ക്വറന്റീനിൽ പാർപ്പിച്ച യുവാക്കൾ കഴിഞ്ഞ ദിവസം  കാസർഗോഡുള്ള ഇവരുടെ വീടുകളിലെത്തിയിട്ടുണ്ട്.

2016 ലാണ് ഡോ. ഇജാസ് ഉൾപ്പെടുന്ന 17 പേർ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയത്. വിദേശത്ത് ജോലിയിലുണ്ടായിരുന്ന മുഹ്സിൻ അവിടെ നിന്നുമാണ് പോയത്.  ഇവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കാസർഗോഡ് ജില്ലക്കാരായ 9 യുവാക്കൾ വിദേശത്ത് നിരീക്ഷണത്തിലായത്. ഇവരെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി വിശദമായ പരിശോധന നടത്തി വരുന്നതായാണ് വിവരം .

LEAVE A REPLY

Please enter your comment!
Please enter your name here