കോവിഡ് ബാധിതനാണോ എന്ന് ഇനി മിനിട്ടുകൾക്കുള്ളിൽ അറിയാം; ആദ്യ പേപ്പർ സ്ട്രിപ്പ് കോവിഡ് ടെസ്റ്റ് ‘ഫെലൂഡ’യ്ക്ക് അനുമതി

0
307

കോവിഡ് ബാധിതനാണോ എന്ന് നിമിഷങ്ങൾക്കകം അറിയാൻ സാധിക്കുന്ന വളരെ ലളിതമായ പേപ്പർ സ്ട്രിപ്പ് കോവിഡ് ടെസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (സി‌എസ്‌ഐആർ-) രണ്ട് ബംഗാളി ശാസ്ത്രജ്ഞരായ ഡോ. സൗവിക് മായിതിയും ഡോ. ദേബജ്യോതി ചക്രബർത്തിയും. ഫെലൂഡ എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന സംവിധാനം ഇന്ത്യയിൽ തന്നെ ഇതാദ്യമാണ്. വാണിജ്യപരമായി ഇത് പുറത്തിറക്കാൻ ശനിയാഴ്ച ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകിയിരിക്കുകയാണ്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സി‌ആർ‌ഐഎസ്‌പി‌ആർ (ക്ലസ്റ്റേർഡ് റെഗുലേർളി ഇന്റർസ്പേസ്ഡ് ഷോർട്ട് പലിൻഡ്രോമിക് റിപ്പീറ്റ്സ്-CRISPR ) എന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ടെസ്റ്റ് ആണ് ഫെലൂഡ. ആന്‍റിജൻ പരിശോധനയുടെ സമയം കൊണ്ട് ആർടി-പിസിആർ പരിശോധനയുടെ കൃത്യത നൽകുന്നതാണ് സി‌ആർഐ‌എസ്‌പി‌ആർ പരിശോധന.

കോവിഡ് -19 കാരണമാകുന്ന വൈറസിനെ വിജയകരമായി കണ്ടെത്തുന്നതിന് പ്രത്യേകമായി അഡാപ്റ്റഡ് കാസ് 9 പ്രോട്ടീൻ വിന്യസിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പരിശോധനയാണ് ടാറ്റ സിആർ‌എസ്‌പി‌ആർ പരിശോധന എന്നാണ് സി‌എസ്‌ഐ‌ആർ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

മാത്രമല്ല, ഭാവിയിൽ‌ ഒന്നിലധികം രോഗകാരികളെ കണ്ടെത്തുന്നതിനായി ക്രമീകരിക്കാൻ‌ കഴിയുന്ന ഒരു ഫ്യൂച്ചറിസ്റ്റ് സാങ്കേതികവിദ്യകൂടിയാണ് CRISPR എന്നും പ്രസ്താവനയിൽ പറയുന്നു.

ടാറ്റാ ഗ്രൂപ്പ് സി‌എസ്‌ഐ‌ആർ-ഐ‌ജി‌ഐ‌ബി, ഐ‌സി‌എം‌ആർ എന്നിവയുമായി ചേർന്ന് ഉയർന്ന നിലവാരമുള്ള ഒരു കോവിഡ് പരിശോധന മാർഗം രൂപപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷിതവും വിശ്വസനീയവും താങ്ങാവുന്നതും എല്ലാവർക്കും വാങ്ങാൻ കഴിയുന്നതുമായ ഈ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പ്പന്നം കോവിഡ് പരിശോധന കുറഞ്ഞ ചെലവിൽ വേഗത്തിൽ നടത്താൻ രാജ്യത്തെ സഹായിക്കും- പ്രസ്താവനയിൽ അറിയിക്കുന്നു.

ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?

രോഗങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ജീനോം എഡിറ്റിംഗ് സാങ്കേതികവിദ്യയാണ് സി‌ആർ‌ഐഎസ്‌പി‌ആർ. സിഎസ്ഐആർ-ഐ‌ജി‌ഐ‌ബി ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

കോവിഡ് പരിശോധനയുടെ ചെലവ് കുറയ്ക്കുന്നതിന് ഈ പരിശോധന സഹായിക്കും – നിലവിൽ ഉപയോഗിക്കുന്ന തത്സമയ പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റിന് (ആർ‌ടി-പി‌സി‌ആർ) ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങൾ ആവശ്യമാണ്. കൂടാതെ ടെസ്റ്റിന്റെ വില സ്വകാര്യ ലാബുകളിൽ 4,500 രൂപയാണ്. അതേസമയം ഈ ‘ഫെലൂഡ’ ടെസ്റ്റിന് വെറും 500 രൂപയോളം മാത്രമാണ് ചിലവാകുന്നത്. ഇത് ഗർഭകാല ടെസ്റ്റ് സ്ട്രിപ്പുകൾക്ക് സമാനമായ രീതിയിൽ വ്യാപകമായി ലഭ്യമാകുമെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇതുപയോഗിച്ച് പരിശോധന നടത്തുന്നതിന് പ്രത്യേക പരിശീലനങ്ങൾ ഒന്നും തന്നെ വേണ്ട. 100 ശതമാനവും കൃത്യതയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ദി പ്രിൻറ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here