റസ്‌റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

0
143

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദീര്‍ഘകാലമായി ലോക്ഡൗണില്‍ കഴിഞ്ഞവരാണ് നാം. അതിന് ശേഷമിപ്പോള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന അണ്‍ലോക്ക് ഘട്ടത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍. ഓഫിസിലേക്കും സലൂണിലേക്കും ജിമ്മിലേക്കും ചെറു കൂട്ടായ്മകളിലേക്കും ഹോട്ടലുകളിലേക്കുമൊക്കെ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവുമായി നാം മടങ്ങി തുടങ്ങി.

എന്നാല്‍ ഇക്കൂട്ടത്തില്‍ ഹോട്ടല്‍, റസ്റ്ററന്റുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കണം. റസ്റ്ററന്റില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് അണ്‍ലോക്കിന്റെ ഫലമായി മറ്റിടങ്ങളില്‍ പോകുന്നവരേക്കാള്‍ കോവിഡ് പിടിപെടാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

റസ്റ്ററന്റില്‍ പോയിരുന്ന് കഴിക്കുമ്പോഴും കുടിക്കുമ്പോഴും മാസ്‌ക് ഫലപ്രദമായി വയ്ക്കാന്‍ സാധിക്കില്ല എന്നതാണ് ഇതിനു കാരണം. നേരെ മറിച്ച് ഷോപ്പിങ്ങിനും മറ്റും പോകുമ്പോള്‍ മാസ്‌ക് മുഖത്ത് നിന്ന് മാറ്റാതെ ഇരിക്കാന്‍ സാധിക്കുമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലെ 11 ആരോഗ്യ കേന്ദ്രങ്ങളില്‍ ജൂലൈയില്‍ ചികിത്സ തേടിയ മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്. 314 പേരെ പഠന വിധേയമാക്കിയതില്‍ 154 പേര്‍ കോവിഡ് പോസിറ്റീവായി. 160 പേര്‍ നെഗറ്റീവും. പോസിറ്റീവായവരും നെഗറ്റീവ് ആയവരും ജിമ്മിലും ഹെയര്‍ സലൂണിലും കടകളിലും വീടുകളിലെ ഒത്തു ചേരലുകള്‍ക്കും ഏതാണ്ട് ഒരേ നിരക്കില്‍ പങ്കെടുത്തു. എന്നാല്‍ പോസിറ്റീവായവര്‍ അസുഖ ബാധിതരാകുന്നതിന് 14 ദിവസം മുന്‍പ് നെഗറ്റീവായവരെ അപേക്ഷിച്ച് ഇരട്ടി തവണ റസ്റ്ററന്റുകളില്‍ പോയിരുന്ന് ആഹാരം കഴിച്ചിരുന്നു.

റസ്റ്ററന്റുകളിലെ രോഗപ്പകര്‍ച്ചയില്‍ വായു സഞ്ചാരത്തിനും സ്ഥാനമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സാമൂഹിക അകലം പാലിച്ച് ഇരുന്നാലും റസ്റ്ററന്റുകള്‍ക്കുള്ളിലെ വായു സഞ്ചാരത്തിന്റെ ഗതിയും തീവ്രതയും വെന്റിലേഷനുമൊക്കെ കോവിഡ് പകരാന്‍ കാരണമാകാമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here