കൊവിഡ് നിങ്ങളെ പിടികൂടുന്നത് എങ്ങനെ? എപ്പോള്‍? എവിടെ വച്ച്?

0
208

രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഏവരേയും ഏറെ ആശങ്കപ്പെടുത്തുന്ന ഒരവസ്ഥയാണിത്. ഇതിനോടകം തന്നെ കൊവിഡ് 19 എങ്ങനെയാണ് നമ്മളെ പിടികൂടുന്നത് എന്നത് സംബന്ധിച്ച് അടിസ്ഥാനപരമായ ബോധ്യം എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടായിരിക്കുമെന്നത് തീര്‍ച്ച. 

എങ്കിലും ഉറവിടമറിയാതെയും അറിഞ്ഞുമെല്ലാം നിരവധി പുതിയ കേസുകള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെ, എപ്പോള്‍, എവിടെ വച്ച് നിങ്ങള്‍ക്ക് വൈറസ് ബാധയുണ്ടാകാം എന്ന കാര്യങ്ങള്‍ ഒരിക്കല്‍ കൂടി കൃത്യമായി മനസിലാക്കി വയ്ക്കാം. ലോകാരോഗ്യ സംഘടന പുറത്തിറക്കിയിരിക്കുന്ന വിശദാംശങ്ങളാണ് ഇത് സംബന്ധിച്ച് ചുവടെ ചേര്‍ക്കുന്നത്. 

എങ്ങനെയാണ് വൈറസ് പടരുന്നത്?

1. അണുബാധയുള്ള ഒരാളുടെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ പുറത്തേക്ക് തെറിക്കുന്ന സ്രവകണങ്ങളിലൂടെയാണ് പ്രധാനമായും കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. ഇത് സംസാരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, ഉറക്കെ ചിരിക്കുമ്പോഴോ, അടുത്തിടപഴകുമ്പോഴോ എല്ലാം ആകാം. 

2. വൈറസ് ചെറിയ സൈസിലും വലിയ സൈസിലും കാണപ്പെടുന്നുണ്ട്. അണുബാധയുള്ളയാളില്‍ നിന്ന് പുറത്തെത്തുന്ന സ്രവകണങ്ങള്‍ വലിയ തുള്ളികളാണെങ്കില്‍ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. മറിച്ച്, ചെറിയ സ്രവകണങ്ങള്‍ ആണെങ്കില്‍ അവ, മറ്റുള്ളവരിലേക്ക് എത്തും മുമ്പ് തന്നെ വായുവില്‍ അവശേഷിക്കും. 

3. രോഗമുള്ളയാളില്‍ നിന്നുള്ള സ്രവകണങ്ങള്‍ മറ്റൊരാളുടെ വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിലേക്കെത്തിയാലാണ് വൈറസ് പകര്‍ന്നുകിട്ടുന്നത്. 

4. വിവിധ പ്രതലങ്ങളിലൂടെയും കൊറോണ വൈറസ് പകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രധാനമായും സ്രവകണങ്ങളിലൂടെ തന്നെയാണ് രോഗം കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് വ്യക്തം. എങ്കിലും രോഗബാധയുള്ളവരില്‍ നിന്നുള്ള സ്രവം വീണ ഏതെങ്കിലും പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം ആ കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിച്ചാല്‍ നിങ്ങളിലും വൈറസ് എത്താം. അതിനാല്‍ ഇടവിട്ട് കൈ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക എന്നത് നിര്‍ബന്ധമായും ചെയ്യുക. 

എപ്പോഴെല്ലാമാണ് വൈറസ് ബാധയുണ്ടാകുന്നത്?

രണ്ട് തരത്തിലാണ് കൊവിഡ് 19 കാണപ്പെടുന്നത്. ഒന്ന് ലക്ഷണങ്ങളോടുകൂടിയതും, രണ്ട് ലക്ഷണങ്ങളില്ലാത്തതും. രണ്ട് തരക്കാരില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് എത്തുന്നുണ്ട്. ഇവരുമായി അടുത്തിടപഴകുന്ന ഏത് സാഹചര്യത്തിലും രോഗം നിങ്ങളിലേക്ക് എത്താം. 

അത് ലക്ഷണങ്ങള്‍ തിരിച്ചറിയാത്തത് മൂലം രോഗി, രോഗം മനസിലാകാത്ത ഘട്ടത്തില്‍ ആണെങ്കില്‍ പോലും.

എവിടെ വച്ചാണ് വൈറസ് എളുപ്പത്തില്‍ പകരുന്നത്?

ഈ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്. സാമൂഹികാകലം പാലിക്കപ്പെടാത്തത് എവിടെയെല്ലാമാണോ അവിടെയെല്ലാം വച്ച് എളുപ്പത്തില്‍ വൈറസ് പടര്‍ന്നുപിടിക്കും. ഉദാഹരണത്തിന് പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റ്, തൊഴില്‍ സ്ഥാപനങ്ങള്‍. വെന്റിലേഷനില്ലാത്ത കെട്ടിടങ്ങളില്‍ എസി അന്തരീക്ഷത്തില്‍ നിരവധി ആളുകള്‍ ഇരിക്കുന്നത് ഒഴിവാക്കണമെന്ന് പ്രത്യേകം മാര്‍ഗനിര്‍ദേശം നല്‍കുന്നത് പോലും ഇക്കാരണം കൊണ്ടാണ്. പരമാവധി വായുസഞ്ചാരമുള്ള സ്ഥലത്ത് സാമൂഹികാകലം പാലിച്ചുകൊണ്ടും മാസ്‌ക് ധരിച്ചുകൊണ്ടും തന്നെ മുന്നോട്ടുപോവുക. കൊവിഡിനെ കഴിയുന്നിടത്തോളം പ്രതിരോധിത്ത് മുന്നോട്ട് പോവുക.

LEAVE A REPLY

Please enter your comment!
Please enter your name here