കളത്തിലിറങ്ങി സോണിയ; കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ പുതിയ തന്ത്രം

0
174

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പുതിയ തന്ത്രങ്ങളുമായി സോണിയ ഗാന്ധി. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമേ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ സഹായം തേടാനാണ് പുതിയ നീക്കം.

ഇതിന്റെ ആദ്യപടിയായി പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയാ ഗാന്ധി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയമായിരിക്കും ഇത്തവണ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് പ്രയോഗിക്കാന്‍ പോകുന്ന ആയുധം. നീറ്റ് വിഷയവും ഉന്നയിക്കാനാണ് സാധ്യത.

ജി.എസ്.ടി വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ആഗസ്റ്റ് 27 ലെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കൂട്ടായ നിലപാട് ആവിഷ്‌കരിക്കാനാണ് മമത ബാനര്‍ജി, ഉദ്ദവ് താക്കറെ , ഹേമന്ദ് സോറന്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമേ മമത ബാനര്‍ജി, ഉദ്ദവ് താക്കറെ , ഹേമന്ദ് സോറന്‍ എന്നിവരുടെ പിന്തുണകൂടി ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ അത് ഗുണകരമാകും.

എല്ലാ സംസ്ഥാനങ്ങളിലേയും ധനകാര്യമന്ത്രിമാര്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ഭാഗമാണ്.

ജി.എസ്.ടി നഷ്ടപരിഹാരമായി 14 ശതമാനം ഗ്രാന്റ് കേന്ദ്രസര്‍ക്കാരിനോട് പ്രതിപക്ഷത്തുള്ള മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ബുധനാഴ്ച സോണിയാ ഗന്ധി യോഗം ചേരുമെന്നാണ് ചൊവ്വാഴ്ച പുറത്തുവന്ന വിവരങ്ങള്‍.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള തീരുമാനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ സോണിയ സ്വീകരിക്കുന്ന സുപ്രധാന നീക്കമായിരിക്കും ഇത്. നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍വെച്ച് സോണിയാ ഗാന്ധി തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തീരുമാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here