സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു

0
140

തെലങ്കാനയിലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാത്രി വൈകി വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് തവണ എംഎൽഎ ആയിരുന്നു സുന്നം രാജയ്യ. ഭദ്രാചലം നിയമസഭാ മണ്ഡലത്തിൽ നിന്ന് 1999, 2004, 2014 വർഷങ്ങളിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രംപചോദവരം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

ലളിത ജീവിതം നയിച്ചിരുന്ന ജനകീയ നേതാവായിരുന്നു സുന്നം രാജയ്യ. ബസിലും ഓട്ടോയിലുമൊക്കെയാണ് നിയമസഭയിൽ എത്തിയിരുന്നത്. ​​ഗിരിജനസം​ഗം നേതാവ് കൂടിയായിരുന്ന അദ്ദേഹം ആദിവാസികളുടെ അവകാശ പോരാട്ടങ്ങളിൽ മുന്നിലുണ്ടായിരുന്നു. ഭദ്രാചലത്തെയും ​ഗോദാവരിയിലെയും ആദിവാസി ഭൂസംരക്ഷണ സമരങ്ങളിലും നേതൃസ്ഥാനത്തുണ്ടായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന കമ്മറ്റി അം​ഗമാണ്. ഭാര്യയും നാല് മക്കളുമുണ്ട്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവിതം മാറ്റിവെച്ച നേതാവായിരുന്നു സുന്നം രാജയ്യ. ലളിത ജീവിതം നയിച്ചിരുന്ന ആ നേതാവിനെ ജനങ്ങൾ എന്നും ഓർക്കുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.

തെലങ്കാനയിൽ 67660 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 48609 പേർ രോ​ഗമുക്തരായി. 551 പേരാണ് ഇതുവരെ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here