മഞ്ചേശ്വരം: (www.mediavisionnews.in) പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. പൊലീസ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്. മറിഞ്ഞ കാറില്‍ നിന്ന് വില്‍പ്പനക്കാരന്‍ പൊലീസെത്തും മുമ്പെ ഓടി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മഞ്ചേശ്വരം മൊർത്തണ ബട്ടിപ്പദവിലാണ് കഞ്ചാവ് കടത്തുകയായിരുന്ന സ്വിഫ്റ്റ് കാര്‍ അപകടത്തില്‍ പെട്ടത്. കാറില്‍ കഞ്ചാവ് കടത്തുന്നതായി മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ ബാലേന്ദ്രന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഞ്ചാവുമായി പോകുകയായിരുന്ന കാറിനെ പിന്തുടരുകയായിരുന്നു. റോഡില്‍ മറിഞ്ഞ് കിടക്കുകയായിരുന്ന കാര്‍ പൊലീസ് പരിശോധിച്ചപ്പോള്‍ ചാക്കുകളില്‍ സൂക്ഷിച്ച നിലയില്‍ 10 കിലോ കഞ്ചാവ് കണ്ടെത്തുകയാണുണ്ടായത്. കഞ്ചാവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട കഞ്ചാവ് കടത്തുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.