ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈ 15 വരെ ഉണ്ടാകില്ല. എന്നാൽ കാർഗോ സർവീസുകൾക്കും ഏവിയേഷൻ റെഗുലേറ്റർ നേരത്തെ അനുമതി നൽകിയ ഫ്‌ളൈറ്റ് സർവീസുകൾക്കും ഈ വിലക്ക് ബാധകമല്ല.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു. മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ വന്ദേഭാരത് മിഷന്റെ ഭാഗമായാണ് നാട്ടിലേക്ക് തിരിച്ചെത്തിച്ചിരുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ കൂടെ തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വ്യോമയാനമന്ത്രാലയം നീട്ടുകയായിരുന്നു.