ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കണം; സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി കേന്ദ്രം

0
183

ന്യൂഡൽഹി: (www.mediavisionnews.in) ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ തിരിച്ചടിക്കാൻ തയാറാകാൻ സൈന്യത്തിന് നിർദേശം. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് നിർദേശം നൽകിയത്. കര, നാവിക, വ്യോമ സേനാ തലത്തിൽ കർശന നിരീക്ഷണം തുടരണമെന്നും നിർദേശിച്ചു.

അതിർത്തിയിൽ ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അത് നേരിടാൻ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതായും പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് സേനാ മേധാവികളും സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും പ്രതിരോധ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു.

അതിക്രമിച്ചുകയറിയ പ്രദേശങ്ങളിൽ നിന്നു ചൈനീസ് സൈന്യം പിന്നോട്ടുപോയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നുവെങ്കിലും ഗൽവാൻ താഴ്‌വരയുടെ മേൽ ഉയർത്തിയ അവകാശവാദം പിൻവലിക്കുന്നതുവരെ സൈനികനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു തീരുമാനം. ഗൽവാൻ താഴ്‍വരയിൽ അതിക്രമിച്ചുകയറിയ പ്രദേശത്ത് ചൈനീസ് സൈന്യം നടത്തിയ നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുമാറ്റിയിട്ടില്ല. അതിനു ശ്രമിച്ചപ്പോഴാണ് ഇന്ത്യൻ സൈനികരെ ആക്രമിച്ചതെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here