പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ദേഹത്ത് തുളച്ച് കയറി യുവതിയ്ക്ക് ദാരുണമരണം

0
205

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ചു   കയറി യുവതിക്ക് ദാരുണ മരണം. കൂവപ്പാടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന ആണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് സംഭവം.

ബാങ്കിൽ ഉച്ചയോടെ എത്തിയതായിരുന്നു ബീന. ബാങ്കിലെ നടപടിക്രമങ്ങൾക്കിടെ എന്തോ എടുക്കാനായിരിക്കണം, തിരികെ പുറത്തേക്ക് ഓടിപ്പോകുന്നതിനിടെ, മുൻവശത്തെ ഗ്ലാസിൽ ബീന ഇടിച്ച് വീണു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്‍റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. 

ഇടിയുടെ ആഘാതത്തിൽ കൈ കുത്തി അവർ എഴുന്നേറ്റ് നിന്നു. അപ്പോഴേക്ക് ബാങ്ക് ജീവനക്കാർ അടക്കം ബാങ്കിലുണ്ടായിരുന്നവർ ഓടി വന്നു. അവരെ എഴുന്നേൽപിച്ച് മാറ്റി നിർത്തുമ്പോഴേക്ക് അവരുടെ ദേഹത്ത് നിന്ന് ചോര വാർന്ന് വീഴുന്നുണ്ടായിരുന്നു. 

ഗുരുതരമായി ദേഹമാകെ ചില്ല് തറച്ച് പരിക്കേറ്റ ബീനയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ബീനയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here