‘അത് ഡിലീറ്റ് ചെയ്യണം’: സുശാന്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് പൊലീസ്

0
221

മുംബൈ (www.mediavisionnews.in) :ബാന്ദ്രയിലെ വസതിയിൽ മരിച്ചനിലയിൽ കാണപ്പെട്ട നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ ചില ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര സൈബർ പൊലീസ്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് നടനെ വീട്ടിലെ ജോലിക്കാരൻ മരിച്ച നിലയിൽ കണ്ടത്. സുശാന്ത് കട്ടിലിൽ മരിച്ചു കിടക്കുന്നതിന്റെ ഉൾപ്പെടെയുള്ള ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇടപെടൽ.

‘അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നതു മഹാരാഷ്ട്ര സൈബർ പൊലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവ തീർത്തും അസ്വസ്ഥമാക്കുന്നതും മോശം പ്രവണതയുമാണ്. ഇത്തരം ചിത്രങ്ങളുടെ പ്രചരപ്പിക്കുന്നത് നിയമത്തിനും കോടതി മാർഗനിർദേശങ്ങൾക്കും വിരുദ്ധമാണ്. ഇതു ശിക്ഷാർഹമായ കുറ്റമാണ്. അതുകൊണ്ടു തന്നെ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ മഹാരാഷ്ട്ര സൈബർ പൊലീസ് ആവശ്യപ്പെടുന്നു. ഇതിനകം പ്രചരിച്ച ചിത്രങ്ങൾ‌ ഡിലീറ്റ് ചെയ്യണം.’– മഹാരാഷ്ട്ര സൈബർ പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു.

നടിയും രാഷ്ട്രീയ നേതാവുമായി ഊർമിള മതോംഡ്കറും ചിത്രങ്ങൾ പ്രചരിക്കുന്നതിരെ വിമർശനവുമായി രംഗത്തെത്തി. ‘നിരുത്തരവാദപരവും നിര്‍വികാരവുമായി ഇത്തരം പ്രവർത്തികൾ അസ്വസ്ഥതയുളവാക്കുന്നതും നിരാശാജനകവുമാണ്. ഗുരുതരമായ ഇത്തരം മാനസിക പ്രശ്നങ്ങൾ സെന്‍സേഷനലൈസ് ചെയ്യരുത്. മരണത്തിനു കുറച്ചു മാന്യത നൽകാം.’ – ഊർമിള പറഞ്ഞു.

അതേസമയം, സുശാന്തിന്റെ മരണം കൊലപാതകമാണെന്നു ബന്ധുക്കൾ ആരോപിച്ചു. ‘ഇത് കൊലപാതകമാണ്. അതിനാൽ തന്നെ സിബിഐ അന്വേഷണം വേണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം.’ സുശാന്തിന്റെ മാതൃസഹോദരൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. സുശാന്ത് സിങ്ങിന്റെ സംസ്കാരം തിങ്കളാഴ്ച മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here