മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ മരിച്ചത് 139 പേർ ; 80,​000 കടന്ന് രോഗികൾ,​ മരണം 2849

0

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് 139 പേര്‍ മരണമടഞ്ഞു. കോവിഡ് മൂലം മഹാരാഷ്ട്ര ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. സംസ്ഥാനത്ത് മരണസംഖ്യ 2849 ആയി ഉയര്‍ന്നുവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്ന് മാത്രം 2,436 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,229 ആയി ഉയര്‍ന്നു. 42,224 സജ്ജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 1475 രോഗികള്‍ക്ക് ഇന്ന് മാത്രം രോഗം ഭേദമായി. ഇതോടെ 35,156 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 5,22,946 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂണ്‍ മാസത്തില്‍ ഇത് മൂന്നാം തവണയും 10 ദിവസത്തിനുള്ളില്‍ ആറാം തവണയുമാണ് മരണ സംഖ്യ 100-ല്‍ അധികമാകുന്നത്. ജൂണ്‍ 2 ന് 103, ജൂണ്‍ 3 ന് 122, ജൂണ്‍ 4 ന് 123 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ മരണ നിരക്ക്. എന്നിരുന്നാലും സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 43.81 ശതമാനമാണ്. മരണനിരക്ക് 3.55 ശതമാനവും. 

വെള്ളിയാഴ്ച മുംബൈയില്‍ മാത്രം 54 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തിലെ മരണസംഖ്യ 1,519 ആയി. നഗരത്തിലെ രോഗികളുടെ എണ്ണം 1,149 കേസുകള്‍ വര്‍ദ്ധിച്ച് 46,080 ആയി. താനെയില്‍ 38, പൂനെ, ജല്‍ഗാവ് എന്നിവിടങ്ങളില്‍ 14 വീതം, നാസിക്കില്‍ 10, രത്നഗിരിയില്‍ അഞ്ച്, സോളാപൂരില്‍ രണ്ട്, പാല്‍ഘര്‍, ഔറംഗബാദ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും ഉണ്ടായി.

20 പേര്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കേസുകളുടെ എണ്ണം 1,889 ആയി ഉയര്‍ന്നതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. അതേസമയം, പ്രദേശത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 71 മരണങ്ങളാണ് പ്രദേശത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 

LEAVE A REPLY

Please enter your comment!
Please enter your name here