എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ഒത്തുകളിയെന്ന് വാതുവെപ്പുകാരന്‍

0

ക്രിക്കറ്റില്‍ എല്ലാ മത്സരങ്ങളും ഒത്തുകളിയാണെന്ന വിവാദ വെളിപ്പെടുത്തലുമായി അറസ്റ്റിലായ വാതുവെപ്പുകാരന്‍ സഞ്ജീവ് ചൗള. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ ഉള്‍പ്പെട്ട ഒത്തുകളിക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ചൗള. ഇതിന് പിന്നില്‍ വലിയൊരു മാഫിയയുണ്ടെന്നും ചൗള ഡല്‍ബി പൊലീസിനോട് വെളിപ്പെടുത്തി.

ക്രിക്കറ്റിലെ ഒരു മല്‍സരം പോലും സത്യസന്ധമല്ല. നിങ്ങള്‍ കാണുന്ന ഓരോ ക്രിക്കറ്റ് മത്സരവും നേരത്തെ സംവിധാനം ചെയ്യപ്പെട്ടതാണ്. ഇതിന് പിന്നില്‍ വളരെ വലിയൊരു അധോലോക മാഫിയ തന്നെയുണ്ട്. ക്രിക്കറ്റില്‍ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവരാണെന്നാണ് ചൗള വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് തെന്റ ജീവന്‍ അപകടത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ചൗള പറഞ്ഞു. താന്‍ എന്തെങ്കിലും കൂടുതലായി വെളിപ്പെടുത്തിയാല്‍ തന്നെ അവര്‍ കൊന്നുകളയുമെന്ന് ഭയക്കുന്നതായും ചൗള പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിപ്പോഴായിരുന്നു ചൗളയുള്‍പ്പെട്ട ഒത്തുകളി സംഘം അവരെ സമീപിച്ചത്. വാതുവെപ്പുകാരും ക്രോണ്യയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പോലീസ് പിടിച്ചെടുത്തതോടെ ഒത്തുകളിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. 2000ത്തിലാണ് കിംഗ്‌സ് കമ്മീഷന്‍ മുമ്പാകെ ക്രോണ്യ കുറ്റസമ്മതം നടത്തിയത്. അതേ വര്‍ഷം തന്നെയുണ്ടായ വിമാനാപകടത്തില്‍ ക്രോണ്യ കൊല്ലപ്പെടുകയും ചെയ്തു.

1993 മുതല്‍ വസ്ത്ര കച്ചവത്തിനായി ചൗള ഇംഗ്ലണ്ടില്‍ താമസിക്കുന്നുണ്ട്. 2000ത്തില്‍ ചൗളക്ക് ഇംഗ്ലണ്ട് പൗരത്വവും ലഭിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇയാളെ ഇന്ത്യയിലേക്കു കൊണ്ടുവന്നത്. ക്രിക്കറ്റില്‍ നിരവധി ഒത്തുകളിക്ക് താന്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് ചൗള അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here