നിര്‍ദേശം ലംഘിച്ച് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞ ബാഗ് തുറന്നു; 18 പേര്‍ക്ക് കൊവിഡ്

0
149

മുംബൈ: കൊവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം നിര്‍ദേശത്തിന് വിരുദ്ധമായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് 18 പേര്‍ക്ക് വൈറസ് ബാധ.

താനെയിലെ ഉലഹന്‍സ്‌നഗറിലാണ് സംഭവം. മെയ് 25ാം തിയതി മരണപ്പെട്ട 40കാരിയായ സ്ത്രീയുടെ മൃതദേഹം പ്രത്യേക ബാഗില്‍ പൊതിഞ്ഞാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ഒരു കാരണവശാലും ബാഗ് തുറക്കാന്‍ പാടില്ലെന്നും സംസ്‌ക്കാരം അതീവ ജാഗ്രതയോടെ മാത്രമേ നടത്താവൂവെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ മൃതദേഹം സംസാരിക്കാനായി ശ്മശാനത്തില്‍ കൊണ്ടുപോയ ബന്ധുക്കള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബാഗ് തുറക്കുകയും മൃതദേഹത്തെ സ്പര്‍ശിക്കുകയും ചില ചടങ്ങുകള്‍ നടത്തുകയും ചെയ്തു.

ഏകദേശം നൂറോളം ആളുകളാണ് സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് യുവതിയുമായി അടുത്ത ഇടപഴകിയ 50 പേരെ ക്വാറന്റീനിലാക്കിയപ്പോള്‍ അതില്‍ പതിനെട്ട് പേരുടെ ടെസ്റ്റ് റിസള്‍ട്ടും പോസിറ്റീവാണ്.

സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതാണ് ഇത്രയും പേര്‍ക്ക് വൈറസ് പകരാന്‍ കാരണമായതെന്നും നിര്‍ദേശം ലംഘിച്ച് മൃതദേഹം പൊതിഞ്ഞ ബാഗ് തുറന്നവര്‍ക്കെതിരെയും സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഉലഹന്‍സ്‌നഗര്‍ പൊലീസ് അറിയിച്ചു.

ഉലഹന്‍സ്‌നഗറില്‍ മാത്രം വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 32 കേസുകളാണ്. ഇതുവരെ 305 കേസുകളാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here