ആലപ്പുഴ സ്വദേശിയുടെ മരണം കൊവിഡ് മൂലം; സംസ്ഥാനത്ത് കൊവിഡ് മരണം 9 ആയി

0

ആലപ്പുഴ∙ കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. അബുദാബിയിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് ജോസ് ജോയി നാട്ടിലെത്തിയത്. തുടർന്ന് ആലപ്പുഴയിലെ കോവിഡ് സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. കരൾ രോഗബാധിതനായിരുന്നു. രോഗം മൂർഛിച്ചതിനെത്തുടർന്ന് ഇന്നു രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3 മണിക്കു മരിച്ചു. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജോഷി മേയ് 11ന് ദുബായ്-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ക്വാറന്റീൻ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മേയ് 16ന് സാംപിൾ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയ് 18ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായ പ്രമേഹ രോഗവുമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മേയ് 25ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരവും സംസ്ഥാനതല വിദഗ്ധരുടെ നിര്‍േദശങ്ങള്‍ക്കനുസരിച്ചും ഏഴംഗ പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് ചികിത്സാ മേല്‍നോട്ടം വഹിച്ചിരുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. സംസ്ഥാനത്താകെ കോവി‍ഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒൻപതായി. 

LEAVE A REPLY

Please enter your comment!
Please enter your name here