ദുബായ്: സന്നദ്ധ സേവനമനുഷ്ടിക്കുന്നതിനിടെ കൊവിഡ് പോസിറ്റീവായ വൊളണ്ടിയർമാർക്ക് സമ്മാനവുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൌണ്ടേഷന്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്‍റെ ആദരത്തിനാണ് മലയാളി അര്‍ഹനായത്. സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിക്കാണ് ആദരം. പ്രവാസ മേഖലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സന്നദ്ധ സേവനം ചെയ്യുകയായിരുന്ന നസീറിന് കൊവിഡ് ബാധിച്ചിരുന്നു. ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് നസീര്‍ അംഗീകാരത്തേക്കുറിച്ച് പ്രതികരിക്കുന്നത്. ദുബായ് പോലീസ് സെക്യൂരിറ്റി വിംഗിന്റെ നേതൃത്വത്തിലാണ് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൊളണ്ടിയര്‍മാരെ ഏകോപിപ്പിക്കുന്നത്.