പുറത്തു വന്നത് യഥാര്‍ത്ഥ കിം ജോങ് ഉന്‍ അല്ലെ? കിം അപരനെ ഉപയോഗിക്കുന്നു? സാമൂഹ്യമാധ്യമങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പ്രമുഖര്‍

0
208

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ 20 ദിവസത്തോളം പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷനായതും മരണപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുറത്തിറങ്ങിയതും വലിയ വാര്‍ത്തയായിരുന്നു.

കിം ജോങ് ഉന്‍ മാറി നിന്നത് ശാസ്ത്രക്രിയക്ക് വേണ്ടിയാണെന്ന് വാദം തെറ്റാണെന്നും കിം ശാസ്ത്രക്രിയ നടത്തിയതിനു തെളിവുകളില്ലെന്നുമാണ് ദക്ഷിണ കൊറിയയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഒടുവിലായി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ കിമ്മിന്റെ പെട്ടന്നുള്ള പ്രത്യക്ഷപ്പെടലിലെ ദുരൂഹതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി നടക്കുകയാണ്.

ഏറ്റവും ഒടുവിലായി ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണുന്നത് യഥാര്‍ത്ഥ കിം ജോങ് ഉന്‍ അല്ലെന്നും ഇദ്ദേഹത്തിന്റെ അപരനുമാണെന്നാണ് ട്വിറ്ററില്‍ ഉയരുന്ന വാദം. എന്നാല്‍ ഇത്തരം സംശയമുയര്‍ത്തുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ വെറുതെ സമയം കളയുന്നവരല്ല.

മുന്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗമായ ലൂയിസ് മെന്‍സ്ച്, മനുഷ്യാവകാശ പ്രവര്‍ത്തകയായ ജെന്നിഫര്‍ സെഞ്ച് തുടങ്ങിയവരാണ് ഈ സംശയമുന്നയിച്ചിരിക്കുന്നവരില്‍ പ്രമുഖര്‍.

ഇവരുടെ ട്വീറ്റിനു പിന്നാലെ നിരവധി പേരാണ് സമാനമായ സംശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ കാണുന്ന കിമ്മിന്റെ ചിത്രത്തിലും പഴയ ചിത്രങ്ങളിലും കിമ്മിന്റെ മുഖത്തിലും മുടിയിലും പല്ലിലും എല്ലാം വ്യത്യാസമുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മുന്‍പ് പല സാഹചര്യങ്ങളില്‍ കിം ശത്രുക്കളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി അപരനെ ഉപയോഗിച്ചിരുന്നു എന്ന സംശയം ആഗോളതലത്തില്‍ ഉയര്‍ന്നിരുന്നു.

മുന്‍ കാലങ്ങളില്‍ സദ്ദാം ഹുസൈന്‍, ഹിറ്റ്‌ലര്‍ തുടങ്ങിയവര്‍ അപരനെ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേ രീതിയാണ് ഇപ്പോള്‍ കിമ്മും തുടരുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കിമ്മിന്റെ രണ്ടു കാലഘട്ടങ്ങളിലെ ചിത്രമാണെന്നും വ്യത്യാസം സ്വാഭാവികമാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

ഏപ്രില്‍ 15ന് മുത്തച്ഛന്റെ ജന്മദിന വാര്‍ഷിക ആഘോഷ പരിപാടിയിലെ അസാന്നിധ്യമാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലേക്ക് ലോക ശ്രദ്ധ തിരിച്ചത്. 2011 മുതല്‍ അദ്ദേഹം ഒരു തവണ പോലും ഈ ചടങ്ങില്‍ പങ്കെടുക്കാതിരുന്നിട്ടില്ല എന്നത് സംശയങ്ങള്‍ക്ക് ബലം നല്‍കി.

എന്നാല്‍ അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് കിം മെയ് രണ്ടിന് പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here