ജില്ലയിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളിലെ ഇളവുകള്‍ ഇവയൊക്കെ

0
178

കാസര്‍കോട്: സര്‍ക്കാറില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങളുടെയും ജില്ലയെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന്റെയും അടിസ്ഥാനത്തില്‍ ജില്ലയിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു.

അനുമതി നല്‍കിയിട്ടുള്ള എല്ലാ കാര്യങ്ങളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഈ സ്ഥാപനങ്ങളുടെ ഉടമകള്‍, സഹായികള്‍ എന്നിവര്‍ നിര്‍ബന്ധമായും ഐ.ഡി കാര്‍ഡുകള്‍ കൈവശം കരുതേണ്ടതും പൊലീസ് ആവശ്യപ്പെടുമ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. അനുമതിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പാസുകള്‍ ആവശ്യമില്ല. ഇത്തരം സ്ഥാപനങ്ങളുടെ സേവനം ആവശ്യമുള്ള വ്യക്തികള്‍ ആയതിന്റെ സത്യവാങ്മൂലം കയ്യില്‍ കരുതി മാത്രം പോവേണ്ടതും പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

കൃഷിയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലെ അന്തിമഘട്ടത്തിലെത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പാടില്ല), ജലസേചന വകുപ്പിനും വാട്ടര്‍ അതോറിറ്റിക്കും കീഴില്‍ നിര്‍മ്മാണത്തിലുള്ളതും സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുമായ പ്രവര്‍ത്തികള്‍, പൊതുആസ്തികളുടെ നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും മാത്രമായുള്ള തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ (അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായി മാത്രം നടത്തേണ്ടതും എല്ലാ മാനദണ്ഡങ്ങളും പാലിക്കണം), അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന സ്വകാര്യ ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുള്ള പ്രവര്‍ത്തനം. ഇതുമായി ബന്ധപ്പെട്ട മരപ്പണികള്‍ വീട് നിര്‍മ്മാണ സ്ഥലത്ത് അനുവദിക്കുന്നതാണ്. എന്നാല്‍ ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. മരമില്ലുകള്‍, പ്ലൈവുഡ് സ്ഥാപനങ്ങള്‍, അലൂമിനിയം ഫാബ്രിക്കേഷന്‍, എഞ്ചിനീയറിംഗ് വര്‍ക്‌സ് (വെല്‍ഡിംഗ്) എന്നിവ അനുവദനീയമായ എണ്ണം തൊഴിലാളികളെ ഉപയോഗിച്ച് കോവിഡ് സുരക്ഷാ നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മല്‍സ്യബന്ധനം. മാലിന്യ സംസ്‌കരണം, അക്ഷയ സെന്ററുകള്‍ (എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഒരു സമയം ഒരാള്‍ മാത്രമേ അകത്ത് പ്രവേശിക്കാവൂ). അംഗീകൃത ക്വാറികളും ക്രഷറുകളും. ഹോട്ട് സ്‌പോര്‍ട്ടുകളല്ലാത്ത തദ്ദേശസ്വയംഭരണസ്ഥാപന പരിധികളില്‍ പാകം ചെയ്ത ആഹാര സാധനങ്ങള്‍ അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിക്കകത്തു മാത്രം എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ട് ഹോം ഡെലിവറി അനുവദിക്കും. സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പരമാവധി 20 പേര്‍ മാത്രം പങ്കെടുത്തുകൊണ്ട് നടത്താവുന്നതും, പൊതു സ്ഥലങ്ങള്‍ (ആരാധനാലയങ്ങള്‍) ഒഴിവാക്കി ചടങ്ങുകള്‍ നടത്തേണ്ടതുമാണ്. എല്ലാ പ്രവര്‍ത്തികളും സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അനുവദിക്കു.

തിങ്കളാഴ്ച:
നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (ഹാര്‍ഡ് വെയര്‍, സാനിറ്ററിവെയേര്‍സ്, ടൈല്‍സ് തുടങ്ങിയവ), ഗുഡ്‌സ് കാരിയര്‍ വാഹനങ്ങള്‍, മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്‍പനയും സര്‍വീസും ചെയ്യുന്ന കടകള്‍, ബീഡി കമ്പനി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിവയുടെ വില്‍പനയും സര്‍വീസും, ചെരിപ്പു കടകള്‍ തുറന്ന് ഷട്ടര്‍ താഴ്ത്തി അകത്തു നിന്ന് വൃത്തിയാക്കുന്നതിന് മാത്രമുള്ള അനുമതി എന്നീ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

ചൊവ്വാഴ്ച:
ബീഡി കമ്പനി, ബുക്ക് ഷോപ്പ്, സ്റ്റുഡിയോകളും പ്രിന്റിംഗ് പ്രസുകളും വൃത്തിയാക്കുന്നതിനു തുറക്കാം.

ബുധനാഴ്ച:
സൗണ്ട് ഡക്കറേഷന്‍ സാമഗ്രികള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതിന് മാത്രം തുറക്കാം. യാതൊരു തരത്തിലുള്ള ബിസിനസും അനുവദനീയമല്ല.

വ്യാഴാഴ്ച:
വര്‍ക് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, കക്ക നീറ്റി കുമ്മായം ഉണ്ടാക്കുന്ന യൂണിറ്റുകള്‍, ഹരിത കര്‍മ്മസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം നടത്താം.

വെള്ളിയാഴ്ച:
ബുക്ക് ഷോപ്പ് തുറക്കാം

ശനിയാഴ്ച:
ഗുഡ്‌സ് കാരിയര്‍ വാഹനങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (ഹാര്‍ഡ് വെയര്‍, സാനിറ്ററിവെയേര്‍സ്, ടൈല്‍സ് തുടങ്ങിയവ)തുണിക്കടകള്‍ തുറന്ന് ഷട്ടര്‍ താഴ്ത്തി അകത്തു നിന്ന് വൃത്തിയാക്കുന്നതിന് മാത്രമുള്ള അനുമതി. ബിസിനസ് നടത്താന്‍ പാടില്ല. മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്‍പനയും സര്‍വീസും ചെയ്യുന്ന കടകള്‍ എന്നിവ അനുവദിക്കും.

വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒടിക്കാം
ഇളവുകളനുവദിച്ചിട്ടുള്ള കാര്‍ഷിക മേഖല, നിര്‍മ്മാണ മേഖല, അവശ്യസേവനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി ഹോട്ട് സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങളില്‍ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒടിക്കാം. ആവശ്യം എന്താണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതും ഇത് പൊലീസ് അധികൃതരുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പരുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പരുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. ടാക്‌സി കാബുകള്‍ ഒരു ഡ്രൈവറും രണ്ട് യാത്രക്കാരുമായി എ.സി പ്രവര്‍ത്തിപ്പിക്കാതെ ഓടാം. ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താന്‍ പാടില്ല. ശനി, തിങ്കള്‍ ദിവസങ്ങളില്‍ അനുവാദം നല്‍കിയിട്ടുള്ള ഗുഡ്‌സ് കാരിയര്‍ വാഹനങ്ങള്‍ക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ബാധകമല്ല. അത്യാവശ്യ സര്‍വീസുകള്‍ക്ക് പാസുകള്‍/അനുമതി ലഭിച്ചിട്ടുള്ള മറ്റു വാഹനങ്ങളെയും ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കും. സര്‍ക്കാര്‍ ഉത്തരവു പ്രകാരം അവശ്യ സര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലേക്ക് പോകുന്നതിനായി ജീവനക്കാരുടെ വാഹനങ്ങളെ ഒറ്റ ഇരട്ടയക്ക നിയന്ത്രണം കൂടാതെ അനുവദിക്കും. ജീവനക്കാര്‍ക്ക് ഓഫീസ് ഐ.ഡി കാര്‍ഡ് ഉള്ളതിനാല്‍ സത്യവാങ്മൂലം കരുതേണ്ടതില്ല.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലോക്ഡൗണ്‍ കഴിയുന്നത് വരെ ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി തുറന്നു പ്രവര്‍ത്തിക്കണം. അവശ്യ സര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ ആന്റ് ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും ഗ്രൂപ്പ് സി ആന്റ് ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം. ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.

എന്നാല്‍ ഹോട്ട് സ്‌പോട്ട് മേഖലകളില്‍ യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയതിനാല്‍ ജില്ലയില്‍ എവിടെയും കടകള്‍, മറ്റ് സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here