കൊവിഡ് 19: ഇതിഹാസങ്ങളുടെ പോരാട്ടം കാണാനാവില്ല; റോഡ് സേഫ്റ്റി ടി20 പരമ്പരയും മാറ്റി

0
147

മുംബൈ: (www.mediavisionnews.in) സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയുമടക്കമുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്‍റിന്‍റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. കളിക്കാരും സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പരമ്പര തല്‍ക്കാലം മാറ്റിവെക്കാനുള്ള തീരുമാനമെടുത്തതെന്ന് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നത് ഒഴിവാക്കണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് ആദ്യം പരമ്പര അടച്ചിട്ട സ്റ്റേഡിയത്തില്‍ തുടരാനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാല്‍ പിന്നീട് കളിക്കാരുമായി കൂടിയാലോചിച്ച ശേഷം പരമ്പര മെയ് മാസത്തിലേക്കോ ഒക്ടോബര്‍ മാസത്തിലേക്കോ മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

കളിക്കാരുടെ ലഭ്യത അനുസരിച്ചായിരിക്കും ഇനി പരമ്പരയുമായി മുന്നോട്ടുപോവുക. കൊവിഡ് ആശങ്കയെത്തുടര്‍ന്ന് ശ്രീലങ്കന്‍ ലെജന്‍ഡ്സ് ടീം അംഗങ്ങളായ മുത്തയ്യ മുരളീധരന്‍, മര്‍വന്‍ അട്ടപ്പട്ടു, രംഗണ ഹെറാത്ത് എന്നിവര്‍ ശ്രീലങ്കയിലേക്ക് മടങ്ങിയിരുന്നു.

സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദിൽഷന്‍റെ ലങ്ക, ജോണ്ടീ റോഡ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്‍റില്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20യില്‍ അണിനിരക്കുന്നത്. നാളെ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സും ശ്രീലങ്ക ലെജന്‍ഡ്‌സും തമ്മിലായിരുന്നു അടുത്ത മത്സരം. ലോകത്താകെ ഇതുവരെ 126,519 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ 4,637 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 73 ആയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here