വാങ്ങാനാളില്ല, ഇടിഞ്ഞുതാഴ്‍ന്ന് മാരുതിയുടെ വണ്ടിക്കച്ചവടം!

0
283

ന്യൂദല്‍ഹി: (www.mediavisionnews.in) ഇടക്കാലത്തെ ഉണര്‍വിനു ശേഷം വീണ്ടും മാന്ദ്യത്തിന്‍റെ സൂചന നല്‍കി രാജ്യത്തെ വാഹനവിപണി. മാരുതി സുസുക്കി ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കളുടെ ഫെബ്രുവരി മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാരുതി സുസുക്കി ഇന്ത്യക്ക് 3.56 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടപ്പോള്‍ മഹീന്ദ്രയ്ക്ക് 42.10 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. റെഗുലേറ്ററി ഫയലിംഗിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം മാരുതിയുടെ ആകെ വില്‍പ്പന 1,34,150 യൂണിറ്റുകളാണ്. 2019 ഫെബ്രുവരിയില്‍ ഇത് 1,39,100 യൂണിറ്റുകളായിരുന്നു.

ഈ സാമ്പത്തിക വർഷം (ഏപ്രിൽ-ഫെബ്രുവരി) ഇതുവരെയുള്ള 11 മാസങ്ങളിൽ ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 13,59,148 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16,06,087 ആയിരുന്നു. 15.38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഫെബ്രുവരിയിൽ മൊത്തം പാസഞ്ചര്‍ വാഹന വിൽപ്പന 2.34 ശതമാനം ഇടിഞ്ഞ് 1,33,702 മായി മാറിയതായി മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു. വാഗൺ ആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നീ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്റ്റ് വിഭാഗത്തിൽ വിൽപ്പന 3.92 ശതമാനം ഇടിഞ്ഞ് 69,828 വാഹനങ്ങളായി. അതേസമയം മിനി വിഭാഗത്തിൽ വിൽപ്പന 11.10 ശതമാനം ഉയർന്ന് 27,499 യൂണിറ്റുകളായതായി മാരുതി സുസുക്കി ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മിനി വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ആൾട്ടോ, എസ്-പ്രസ്സോ മോഡലുകൾ ഉൾപ്പെടുന്നു.

അതേസമയം കയറ്റുമതിയില്‍ നേട്ടമുണ്ടെന്നും മാരുതി സുസുക്കി വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ മൊത്തം കയറ്റുമതി 7.09 ശതമാനം ഉയർന്ന് 10,261 യൂണിറ്റായത് മാത്രമാണ് കമ്പനിക്ക് എടുത്ത് പറയാവുന്ന ഏക നേട്ടം. 

സര്‍ക്കാരിന്‍റെ ഉപഭോഗം വര്‍ധിപ്പിക്കാനുളള നടപടികളും വില്‍പ്പന ഉയര്‍ത്താനുളള വാഹന നിര്‍മാതാക്കളുടെ ഇടപെടലുകളും ഫലം കാണുന്നില്ലെന്ന സൂചന നല്‍കി ഫെബ്രുവരി മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍. 

ഇന്ത്യന്‍ വാഹന വിപണിയുടെ പകുതിയോളം വിപണി വിഹിതം കൈകാര്യം ചെയ്യുന്ന മാരുതിക്കുണ്ടായിരിക്കുന്ന വില്‍പ്പന ഇടിവ് അമ്പരിപ്പിക്കുന്നതാണ്. രാജ്യത്തെ ഗ്രാമ -നഗര ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്ന വലിയ ഇടിവാണ് വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണം. രാജ്യത്തെ മലിനീകരണ നിയന്ത്രണ ചട്ടം ബിഎസ് നാലില്‍ നിന്ന് ബിഎസ് ആറിലേക്ക് മാറാന്‍ പോകുന്നതും വില്‍പ്പനയിലെ ഇടിവിന് കാരണമായതായി ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here